തിരുവനന്തപുരം: മുട്ടിൻ വനംകൊള്ളക്കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ.ടി സാജനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഒരേ വേദിയിൽ. വനമഹോത്സവം എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. വനംകൊള്ള അട്ടിമറിക്കാൻ സഹായിച്ചുവെന്ന് വനംവകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഡെപ്യൂട്ടി കൺസർവേറ്ററായ എൻ.ടി സാജൻ.
നിലവിൽ മുട്ടിൽ വനംകൊള്ളക്കേസിന്റെ അന്വേഷണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ആരായാലും ശിക്ഷിക്കപ്പെടുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഒരേവേദിയിൽ പങ്കെടുത്ത ചിത്രം വ്യാപകമായി പ്രചരിച്ചതോടെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഇതിനെ ന്യായീകരിച്ച് മന്ത്രി എത്തിയിരുന്നു.
എൻടി സാജനിപ്പോൾ ഉത്തരവാദിത്വപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കും വരെ ഉത്തരവാദിത്വങ്ങളിൽ നിന്നും മാറ്റി നിർത്താനാവില്ല. മന്ത്രിയ്‌ക്കൊപ്പം ഒരു ചടങ്ങിൽ പങ്കെടുത്തത് ഒരു കുറ്റവാളിയ്‌ക്ക് രക്ഷപെടാനുള്ള കവചമായി കാണുന്നവർ നിരാശരാകേണ്ടി വരുമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ ന്യായീകരിച്ചു.
എൻടി സാജനെതിരെ നടപടിയെടുക്കാത്തതിന്റെ കാരണം മന്ത്രി ശശീന്ദ്രനാണെന്ന തരത്തിൽ നേരത്തെ ആരോപണം ഉയർന്നിരുന്നു. വനംവകുപ്പ് മന്ത്രിയായി എ.കെ ശശീന്ദ്രൻ ചുമതലയേറ്റതിന് പിന്നാലെ കോഴിക്കോട് എത്തിയ അദ്ദേഹം ആദ്യം കണ്ട ഉദ്യോഗസ്ഥരിൽ ഒരാൾ എൻടി സാജനാണ്.
വനംവകുപ്പ് കൺസർവേറ്റർ സാജൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന് നേരത്തെ സിസിഎഫിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. വനംകൊള്ളയ്‌ക്ക് വഴിവിട്ട സഹായങ്ങൾ ചെയ്ത് നൽകുകയും കേസന്വേഷണം ശരിയായ ദിശയിൽ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ശ്രമിച്ചെന്നുമായിരുന്നു സാജനെതിരായ കണ്ടെത്തൽ.
















Comments