ന്യൂഡൽഹി: പുതിയ ഇ-കൊമേഴ്‌സ് ചട്ടങ്ങളെ കുറിച്ചുള്ള ആശങ്കകൾ കേന്ദ്രസർക്കാരിനെ അറിയിച്ച് ആമസോൺ, ടാറ്റ എന്നീ ഓൺലൈൻ വാണിജ്യ കമ്പനികൾ. പുതിയ നിയമങ്ങൾ തങ്ങളുടെ വിപണിയെ ബാധിയ്‌ക്കുമോയെന്ന ആശങ്കയാണ് കേന്ദ്രസർക്കാരിനെ അറിയിച്ചത്. കൂടാതെ ചട്ടങ്ങളെക്കുറിച്ചുള്ള പ്രതികരണം സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ആറിൽനിന്നു നീട്ടി നൽകണമെന്നും കമ്പനികളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഉപഭോക്താക്കളുടെയും ചെറുകിട കച്ചവടക്കാരുടെയും ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂൺ 21നാണ് പുതിയ ഇ കൊമേഴ്‌സ് ചട്ടങ്ങൾ സർക്കാർ പ്രഖ്യാപിച്ചത്. ഫ്‌ലാഷ് സെയിലിന് അടക്കം നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പുതിയ ചട്ടം. ഇക്കാര്യങ്ങൾ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് കമ്പനി കേന്ദ്രസർക്കാരുമായി പങ്കുവെച്ചത്. എന്നാൽ ഉപയോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങളെന്ന് കേന്ദ്രസർക്കാർ കമ്പനികളെ അറിയിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഉപഭോക്തൃകാര്യ മന്ത്രാലയമാണ് നിയമങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിൽപ്പനയ്‌ക്ക് വെയ്‌ക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി ചീഫ് കംപ്ലെയിന്റ്‌സ് ഓഫീസറെ നിയമിക്കണമെന്നും കരട് രേഖയിൽ പറയുന്നുണ്ട്.
ഫ്‌ലാഷ് സെയ്ൽ പൂർണമായും നിരോധിക്കില്ല. എന്നാൽ, ഉയർന്ന വിലക്കിഴിവ് നൽകുന്നത് തടയുമെന്നും തുടരെ തുടരെയുള്ള ഫ്‌ലാഷ് സെയിലുകൾ അനുവദിക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. ചില പ്രത്യേക ഉത്പന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതിനാലാണിത്. കരട് വിജ്ഞാപനത്തിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് ഈ മാസം 6ാം തീയതി വരെ അവസരമുണ്ട്.
















Comments