ന്യൂഡൽഹി: ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അഭിനന്ദിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. യുപിയിലെ 75 ജില്ലയിൽ നടന്ന ജില്ലാ പഞ്ചായത്ത് ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 67 സീറ്റും ബിജെപി തൂത്ത് വാരിയിരുന്നു. പിന്നാലെയാണ് അഭിനന്ദനവുമായി താരം എത്തിയത്.
‘യു.പിയിലെ ജില്ല പഞ്ചായത്ത് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയതിന് യോഗി ആദിത്യനാഥ് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’ എന്നാണ് സൈന ട്വീറ്റ് ചെയ്തത്. കഴിഞ്ഞ വർഷം നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൈന ബി.ജെ.പിയിൽ അംഗത്വം എടുത്തിരുന്നു. എന്നാൽ സൈനയുടെ ട്വീറ്റിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധമുയർത്തി.
അതിനിടെ യോഗി ആദിത്യ നാഥിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എത്തിയിരുന്നു. വികസനത്തിനും പൊതുസേവനത്തിനും ജനങ്ങൾ നൽകിയ അനുഗ്രഹമാണ് ബിജെപി നേടിയ വിജയത്തിൽ പ്രതിഫലിച്ചിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. കർഷകരുടെയും പാവപ്പെട്ടവരുടെയും പ്രതീക്ഷകൾ നിറവേറ്റി പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് ഉത്തർപ്രദേശിനെ യോഗി നയിക്കുമെന്നാണ് അമിത് ഷാ അറിയിച്ചത്.
ജില്ല പഞ്ചായത്ത് ചെയർമാൻ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്ക് അഞ്ച് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രാഷ്‌ട്രീയ ലോക്ദൾ, ജനസട്ട ദൾ എന്നീ പാർട്ടികളും സ്വതന്ത്രനും ഓരോ സീറ്റ് വീതം വിജയിച്ചു. മായാവതിയുടെ ബി.എസ്.പി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ബിജെപി നേടിയ വൻ വിജയത്തിൽ നല്ല ഭരണത്തിലുളള ജനങ്ങളുടെ വിശ്വാസമാണ് തെളിഞ്ഞതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.
















Comments