കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആക്രമണം രൂക്ഷമാക്കി താലിബാൻ ഭീകരർ. സുരക്ഷാ സൈനികർക്ക് നേരെ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ഹെറാത് പ്രവിശ്യയിലെ സൽമാ ജലസംഭരണിയുടെ സുരക്ഷാ കേന്ദ്രത്തിലാണ് താലിബാൻ ആക്രമണം നടത്തിയത്. ഇന്ത്യ നിർമ്മിച്ച് നൽകിയ ഡാമാണ് ഭീകരർ പിടിച്ചെടുത്തിരിക്കുന്നത്. അഫ്ഗാനിൽ നിന്നും അമേരിക്കൻ സേനപിന്മാറ്റം അവസാനഘട്ടത്തിൽ എത്തിനിൽക്കേ ഓരോ പ്രദേശങ്ങളായി താലിബാൻ പിടിച്ചെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.
അഫ്ഗാൻ-ഇന്ത്യാ ഫ്രണ്ട്ഷിപ്പ് ഡാം ഹാരി നദിയിലാണ് പണിതിരിക്കുന്നത്. 640 ലക്ഷം ഘനയടി ജലമാണ് ഡാമിലുള്ളത്. രണ്ടു ലക്ഷം ഏക്കർ കൃഷി സ്ഥലത്തേക്ക് ജലമെത്തിക്കാനാണ് ഡാം ഉപയോഗിക്കുന്നത്. ഇറാൻ അതിർത്തിയിലെ ചിസ്തി ഷരീഫ് മേഖലയിലാണ് ഡാം ഉള്ളത്.
ഖാണ്ഡഹാർ ജില്ലയിലെ ഒരു ഭാഗം ഇന്നലെ താലിബാൻ ആക്രമിച്ച് പിടിച്ചെടുത്തിരുന്നു. സൈനികർ യുദ്ധമേഖലയിൽ നിന്നും കേന്ദ്രങ്ങൾ ഉപേക്ഷിച്ച് രക്ഷപെട്ടതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
താലിബാൻ അവരുടെ പ്രവിശ്യാ നിയന്ത്രണങ്ങൾ വ്യാപിപ്പിക്കുന്നതായാണ് വിവരം. പിടിച്ചെടുക്കുന്ന ജില്ലകളിലേക്ക് കൂടുതൽ ഭീകരരെ എത്തിക്കുകയും തുടർന്ന് അതിർത്തി ജില്ലയെ പിടിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. ആക്രമിച്ച ശേഷം സൈനിക പോസ്റ്റുകളും നിരീക്ഷണ ടവറുകളും താലിബാൻ കയ്യടക്കിയാണ് മുന്നേറുന്നത്. ഇതിനിടെ താലിബാൻ നിലവിൽ പിടിച്ചെടുത്ത എല്ലാ മേഖലകളും തിരികെ പിടിക്കുമെന്നാണ് അഫ്ഗാൻ വാദം. പതിനായിരം കമാന്റോ സംഘമാണ് ഭീകരർക്കെതിരെ വിവിധ മേഖലകളിലായി പോരാടുന്നത്.
















Comments