ശ്രീനഗർ: ജമ്മുകശ്മീരിലെ ഡ്രോൺ ആക്രമണത്തെ തുടർന്ന് സുരക്ഷ കൂടുതൽ ശക്തമാക്കാനൊരുങ്ങി വ്യോമസേന. ഇതിനായി 10 ആന്റി ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ വാങ്ങിക്കാൻ ഇന്ത്യ തീരുമാനിച്ചു. ഇതിന്റെ നിർമ്മാണത്തിനായി ഇന്ത്യൻ കമ്പനികളിൽ നിന്നും വ്യോമസേന അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം തന്നെ ടെൻഡറുകൾ ക്ഷണിച്ച് ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ വ്യോമസേന.
ഭീകരർക്ക് ദൂരെ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്ന ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ പോലുള്ള വലിയ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പര്യാപ്തമാണ്. എന്നാൽ ഡ്രോൺ പോലുള്ള ചെറിയ ഉപകരണങ്ങൾ ഇവയ്‌ക്ക് വേഗം പ്രതിരോധിക്കാൻ സാധിച്ചെന്ന് വരില്ല. അതിനാലാണ് വ്യോമസേന പുതിയ സംവിധാനങ്ങൾ ഒരുക്കാൻ പദ്ധതിയിടുന്നത്.
ഡ്രോണുകളെ ആകാശത്ത് വച്ചു തന്നെ തിരിച്ചറിയാനും ട്രാക്ക് ചെയ്യാനും നിർവീര്യമാക്കാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് വ്യോമസേന തേടിയിരിക്കുന്നത്. ഡ്രോണിനെ നശിപ്പിക്കാൻ ലേസർ ഡയറക്റ്റഡ് സംവിധാനം ഉണ്ടായിരിക്കണം, ഇതിന് പുറമെ മൾട്ടി സെൻസർ, ഒന്നിലധികം ഡ്രോണുകളെ ഒരുമിച്ച് നിർവീര്യമാക്കാൻ സാധിക്കുന്ന സംവിധാനം തുടങ്ങിയ സവിശേഷതയും ഉണ്ടായിരിക്കണമെന്നും വ്യോമസേന നിർദ്ദേശിക്കുന്നു.
ജമ്മു വിമാനത്താവളത്തിൽ ആന്റി ഡ്രോണുകളൊന്നും തന്നെ നേരത്തെ സ്ഥാപിച്ചിരുന്നില്ല. വ്യോമതാവളത്തിൽ ഫൈറ്റർ ജെറ്റുപോലുള്ളവ സൂക്ഷിക്കാത്തതിനാലാണ് ഇത്തരത്തിൽ ആന്റി ഡ്രോണുകൾ സ്ഥാപിക്കാഞ്ഞതെന്ന് ഇന്ത്യയുടെ എയർ ചീഫ് മാർഷൽ ആർ.കെഎസ് ഭദൗരിയ അറിയിച്ചിരുന്നു. അതേസമയം പ്രതിരോധം ശക്തമാക്കാൻ ഡ്രോൺ വിരുദ്ധ സാങ്കേതിക വിദ്യകൾ ഡിആർഡിഒയും പരീക്ഷിക്കുന്നുണ്ട്.
Comments