കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന നിരോധിത ഭീകര സംഘടനയിൽ അംഗമായിരുന്ന സ്റ്റാൻ സാമി വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആശുപത്രിയിൽ മരിച്ചത് ഇന്നലെയാണ്. കൊറോണാനന്തര അസ്വസ്ഥതകൾ ബാധിച്ചതിന് തുടർന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ഭീമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ യുദ്ധം ചെയ്തതിന് അറസ്റ്റിലായിരുന്നു സ്റ്റാൻ സാമി.
മനുഷ്യാവകാശ പ്രവർത്തകനായിരുന്ന സാമിയെ ക്രൂരമായി കൊലപ്പെടുത്തി എന്നുള്ള ആരോപണങ്ങളുമായി സിപിഎമ്മും കോൺഗ്രസും മതതീവ്രവാദ സംഘടനകളുമെല്ലാം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കമ്യൂണിസ്റ്റ് ഭീകര സംഘടനയിലെ അംഗങ്ങളെ വെടിവെച്ച് കൊന്നതിന്റെ ചരിത്രമുള്ള കേരളത്തിലാണ് , നിയമപരമായി അറസ്റ്റ് ചെയ്യപ്പെട്ട് അസുഖ ബാധിതനായി മരിച്ച സ്റ്റാൻ സാമിയെ കൊന്നതാണ് എന്ന വാദവുമായി പലരും എത്തിയിരിക്കുന്നത്.
കമ്യൂണിസ്റ്റ് ഭീകര സംഘടനകൾ ഈ രാജ്യത്തിനെതിരെ യുദ്ധം ആരംഭിച്ചത് ഈ അടുത്തകാലത്തെങ്ങുമല്ല. ശത്രു രാജ്യങ്ങളുടെ അച്ചാരം വാങ്ങി രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തെ വികസനവും ഉരുക്കുമുഷ്ടിയും കൊണ്ടാണ് ഇന്ത്യ നേരിട്ടത്. ഒരുകാലത്ത് ഇന്ത്യ മുഴുവൻ നിറയുമെന്ന് പ്രഖ്യാപിച്ച ചുവപ്പൻ ഇടനാഴി വിള്ളലുകൾ വീണ് ഇന്ന് തകർച്ചയുടെ അവസ്ഥയിലാണ്. എങ്കിലും പാവങ്ങളേയും വനവാസി വിഭാഗങ്ങളേയും മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് രാജ്യത്തിനെതിരെ ആയുധമെടുപ്പിക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുന്നുണ്ട്. ഇത്തരം സംഘടനകളുടെ പ്രധാന നേതാക്കളിൽ ഒരുവനായിരുന്നു സ്റ്റാൻ സാമിയും.
2000 മുതൽ ഇങ്ങോട്ട് ഏകദേശം നാലായിരത്തോളം സാധാരണക്കാരെയാണ് കമ്യൂണിസ്റ്റ് ഭീകര സംഘടനകൾ കൊലപ്പെടുത്തിയിട്ടുള്ളത്. രണ്ടായിരത്തി അറുനൂറിലധികം സുരക്ഷ സേനാംഗങ്ങൾ ഉൾപ്പെടെ ആകെ കൊലപ്പെടുത്തിയത് ആറായിരത്തി അഞ്ഞൂറോളം പേരെയാണ്. രാജ്യത്തിന്റെ പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന നിരവധി ആക്രമണങ്ങൾ വേറെയും. പിന്നാക്ക മേഖലകളിൽ കടന്നു കയറി ഗുണ്ടായിസവും കൊലയും കൊള്ളയും നടത്തുന്ന ഇത്തരം ഗൂഢ സംഘങ്ങൾ സാധാരണ മനുഷ്യന് ഒരു പ്രയോജനവും ചെയ്യുന്നില്ലെന്നതാണ് സത്യം. ജനാധിപത്യം നിലനിൽക്കുന്ന പ്രദേശത്ത് മാവോ സേ തൂങ്ങ് മോഡൽ ഏകാധിപത്യം നടപ്പാക്കാനും കമ്യൂണിസ്റ്റ് സർവ്വാധിപത്യ ഭരണം നടപ്പാക്കാനുമാണ് ഈ സംഘടനകൾ ലക്ഷ്യമിടുന്നത്. മനുഷ്യാവകാശമെന്ന വാക്കു തന്നെ ഇത്തരം ആളുകൾക്ക് വേണ്ടി ഉപയോഗിക്കുന്നത് നമ്പർ വൺ മനുഷ്യവിരുദ്ധമാണ്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതോടെ ചുവപ്പ് ഇടനാഴിയുടെ പ്രതാപകാലം മങ്ങിത്തുടങ്ങി. വികസനമെത്താത്ത പ്രദേശങ്ങളിൽ വികസനമെത്തിച്ചും കീഴടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരർക്ക് പുനരധിവാസ പാക്കെജുകൾ നൽകിയും സർക്കാർ മനുഷ്യവിരുദ്ധമായ സംഘടനകളോട് എല്ലാ രീതിയിലും ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ കീഴടങ്ങിയ പതിമൂവായിരം പേരിൽ ഏഴായിരത്തി അഞ്ഞൂറോളം പേരും കീഴടങ്ങിയത് മോദി സർക്കാരിന്റെ കാലത്താണ്. ഈ കാലയളവിൽ അയ്യായിരത്തിലധികം കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. മനുഷ്യവിരുദ്ധമായ കമ്യൂണിസ്റ്റ് ഭീകരത തിരിച്ചറിഞ്ഞ് നിരവധിപേർ ഇപ്പോഴും കീഴടങ്ങാൻ തയ്യാറായെത്തുന്നുണ്ട്. അവർക്കാവശ്യമായ പുനരധിവാസം സർക്കാർ നൽകുന്നുമുണ്ട്.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് ഭീകര പ്രത്യയശാസ്ത്രത്തെ ഒറ്റപ്പെടുത്തുന്നതിനു പകരം അതിന്റെ അംഗങ്ങളെ മഹത്വവത്കരിക്കുന്ന രീതികൾ ഒട്ടും ആശാസ്യമല്ല. അതിപ്പോൾ ജെസ്യൂട്ട് പുരോഹിതനായാലും പൂജാരിയായാലും മുക്രിയായാലും രാജ്യവിരുദ്ധ പ്രവർത്തനത്തിന് കടുത്ത ശിക്ഷ നൽകണം. മനുഷ്യാവകാശത്തിന്റെ പെയിന്റടിച്ചാലൊന്നും കമ്യൂണിസ്റ്റ് ഭീകരതയുടെ ചോരക്കറകൾ മറയ്‌ക്കാനോ മറക്കാനോ കഴിയില്ല. ശക്തമായ നടപടികളും ഭീകരതയെ ഉന്മൂലനം ചെയ്യുകയുമാണ് വേണ്ടത്. മോദി സർക്കാരിൽ നിന്ന് രാജ്യത്തെ സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നതും അതു തന്നെ.
















Comments