മോസ്‌കോ: ചൈനയുടെ വഞ്ചനകളെ എണ്ണിയെണ്ണിപ്പറഞ്ഞ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. റഷ്യൻ സന്ദർശനത്തിനിടെയാണ് ബീജിംഗിന്റെ ഉറ്റസുഹൃത്തായ റഷ്യയ്‌ക്ക് മുമ്പാകെ ചൈനയുടെ അതിർത്തിമേഖലയിലെ അപ്രഖ്യാപിത യുദ്ധത്തെ ജയശങ്കർ വിമർശിച്ചത്.
ഇന്ത്യ ഉഭയകക്ഷി ചർച്ചകളെ ഏറെ ബഹുമാനത്തോടേയും ഗൗരവത്തോടേയുമാണ് കാണുന്നത്. എന്നാൽ ലഡാക്കിൽ ആക്രമണം നടത്തിക്കൊണ്ട് ചൈന നടത്തിയ നീക്കത്തെ ജയശങ്കർ റഷ്യക്ക് മുന്നിൽ ഉദാഹരണസഹിതം ഖണ്ഡിച്ചു. ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ഏതറ്റംവരേയും പോകുമെന്നും ജയശങ്കർ വ്യക്തമാക്കി. ഒരു വർഷമായി നടന്ന 11 ചർച്ചകളിലും പ്രശ്‌നപരിഹാരത്തിന് ബീജിംഗ് ആത്മാർത്ഥത കാണിച്ചില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും മുന്നിൽ ജയശങ്കർ സമർത്ഥിച്ചു.
നാൽപ്പതു വർഷത്തെ വിശ്വാസ്യതയാണ് 2020ൽ ലഡാക്കിൽ ചൈന തെറ്റിച്ചത്. അതുവരെ അതിർത്തിയിൽ ചെറിയ ചില സമ്മർദ്ദങ്ങളുണ്ടായിരുന്നെങ്കിലും അത് ചർച്ച ചെയ്തിരുന്നു. രക്തച്ചൊരിച്ചിൽ നടത്താൻ ചൈന എടുത്ത തീരുമാനം ഏറ്റവും വലിയ തെറ്റാണ്. ഇന്ത്യയുമായുള്ള അയൽരാജ്യ ബന്ധത്തിന് വലിയ വിഘാതമാണ് ലഡാക് വിഷയം സൃഷ്ടിച്ചത്.
ഫെബ്രുവരിയിൽ പാഗോംഗ്‌സോ തടാകക്കരയിൽ നിന്നും തുല്യദൂരത്തിൽ ഇരുസൈന്യങ്ങളും പിന്നാക്കം വന്നത് മാത്രമാണ് ഏക മാറ്റമെന്നും ജയശങ്കർ പറഞ്ഞു. ഏതുരാജ്യത്തെ സംബന്ധിച്ചും അതിർത്തിയിലെ ശാന്തതയാണ് അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ അടിസ്ഥാനം. ചൈനയുമായി അത് തെറ്റിയിരിക്കുന്നു. ആണവായുധ നിർമ്മാണത്തിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ് ചൈന. എന്നാൽ ഇന്നത്തെ ലോകക്രമത്തിൽ അതുകൊണ്ടു തന്നെ ചൈന അത്രകണ്ട് പുറകോട്ടാണ് പോയിരിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു.
















Comments