തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ജയിലിലെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കഴിയുന്നതെന്ന് ജയിൽവകുപ്പ്. സരിത്തിനും കെ.ടി.റമീസിനുമെതിരേയാണ് റിപ്പോർട്ട്. റമീസ് ജയിലിനകത്ത് ലഹരി ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. ലഹരി ഉപയോഗിക്കുന്ന സമയത്ത് പോലീസ് കാണാതിരിക്കാൻ റമീസിന് സരിത്ത് കാവൽ നിൽക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. സരിത്തിനെ എൻ.ഐ.എ കോടതിയിൽ ഇന്ന് ഓൺലൈനായി ഹാജരാക്കാനിരിക്കേയാണ് ജയിൽ വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ അഞ്ചാം തീയതി റമീസ് ലഹരി ഉപയോഗിക്കുന്നുവെന്ന സംശയത്തിൽ സെല്ലിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് സെല്ല് കാണുന്ന തരത്തിൽ സിസി ടി.വി ക്യാമറ വച്ചപ്പോഴാണ് സരിത് ക്യാമറയെ മറച്ചുകൊണ്ട് റമീസിന് ലഹരി ഉപയോഗിക്കാൻ സഹായമൊരു ക്കുന്നതായി മനസ്സിലായതെന്നും പോലീസ് പറയുന്നു.
സരിത്തിനും റസമീസിനും പുറത്തു നിന്ന് സഹായം ലഭിക്കുന്നുണ്ട്. വഴിവിട്ട സഹായം പോലീസ് തടയുന്നതിനെതിരെ ജയിലിൽ പ്രശ്‌നമുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പുറത്ത് നിന്ന് ഭക്ഷണത്തിനായി നിരന്തരം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു. ജയിലിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്ന് കാണിക്കാനാണ് പ്രതികൾ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നത്. വീട്ടിൽ നിന്നും എത്തിക്കുന്ന പാഴ്സലുകളിൽ പല അസ്വാഭാവിക വസ്തുക്കൾ കണ്ടത് പോലീസ് നൽകാത്തതിലും റമീസ് പ്രശ്നമുണ്ടാക്കിയിരുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കൾ എന്തിനാണ് ജയിലിൽ എന്ന ചോദ്യം റമീസിനെ പ്രകോപിപ്പിച്ചിരുന്നുവെന്നും ജയിൽ വകുപ്പ് പറഞ്ഞു.
ജയിൽ ഉദ്യോഗസ്ഥർക്കെതിരേയും സുരക്ഷാ പ്രശ്‌നത്തിനെതിരേയും സരിത് എൻ.ഐ.എ കോടതിയിൽ പരാതി നൽകിയതിന് പിന്നാലെയാണ് ജയിൽ വകുപ്പ് ഇരുവർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. ജയിലിൽ തങ്ങൾക്ക് വധഭീഷണിയുണ്ടെന്നും നേതാക്കളുടെ പേര് പറയാൻ ഉദ്യോഗസ്ഥർ സമ്മർദ്ദം നടത്തുന്നതായും സരിത്ത് പരാതി നൽകിയിരുന്നു.
സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്ക് എല്ലാ സൗകര്യങ്ങളും ജയിലനിനകത്ത് ലഭിക്കുന്നുണ്ടെന്ന് ബി.ജെ.പി ഉന്നയിച്ച പരാതികളെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് ജയിൽ വകുപ്പ് നൽകിയത്. സ്വർണ്ണക്കടത്ത് കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സ്വപ്നയെ സഹായിച്ച പ്രധാനിയാണ് സരിത്ത്.
















Comments