കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എങ്ങുമെത്താതെ അന്വേഷണം. കേസിൽ മുഖ്യപ്രതിയായ ടി.കെ പൂക്കോയ തങ്ങൾ ഒളിവിലായിട്ട് ഒൻപത് മാസം പിന്നിടുന്നു. അതിനിടെ നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ നിക്ഷേപകർ പ്രതിഷേധിക്കുകയാണ്. എം.സി കമറുദ്ദീൻ എംഎൽഎ, പൂക്കോയ തങ്ങൾ, മകൻ എ.പി ഇഷാം എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു ജ്വല്ലറിയുടെ പ്രവർത്തനം.
ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങളെ ചോദ്യം ചെയ്യാനായാൽ മാത്രമേ കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. കൂടാതെ കേസിൽ പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂർ ശാഖ മനേജറുമായ എ.പി ഇഷാമിന്റെ പങ്കും വലുതാണ്. ചോദ്യം ചെയ്യലിന് ഹാജരായ ഡയറക്ടർമാരായ പി. അഷ്‌റഫ്, പി. കുഞ്ഞബ്ദുള്ള എന്നിവരുടെ മൊഴിയിൽ പൂക്കോയ തങ്ങൾക്കും മകനുമെതിരെ ഗുരുതര പരാതികളാണ് ഉള്ളത്.
കേസിൽ ഒന്നാം പ്രതിയാണ് പൂക്കോയ തങ്ങൾ. കേസ് രജിസ്റ്റർ ചെയ്ത് ഇത്രയും മാസം പിന്നിട്ടിട്ടും പൂക്കോയ തങ്ങളെ പിടികൂടാനാകാത്തതിലും വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ പോലീസ് സ്‌റ്റേഷനിലും കോടതിയിലും പോയവരും പോകാത്തവരുമായി അറുന്നൂറിലേറെ നിക്ഷേപകരുണ്ട്. ലഭിക്കാനുള്ള പണം നൂറു കോടിയോളം രൂപയും. പണം തിരികെ ലഭിക്കാൻ സർക്കാർ ഇടപെടണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
















Comments