കോഴിക്കോട് : യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫിനെതിരെ ലീഗ് നേതൃത്വത്തിന് പരാതി നൽകി എംഎസ്എഫ് വനിതാ സംഘടനയായ ഹരിത. ജൂൺ 22 ന് നടന്ന യോഗത്തിൽ നേതാക്കൾ നടത്തിയ പരാമർശങ്ങളിലാണ് പരാതി. മുസ്ലീം ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയുടെ പകർപ്പ് ഹരിത പുറത്തുവിട്ടിട്ടുണ്ട്.
പെൺകുട്ടികളുടെ സ്വഭാവ ശുദ്ധിയെ സംശയത്തിലാക്കുകയും, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന തരത്തിലാണ് നേതാക്കൾ പ്രസംഗിച്ചതെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാന ഭാരവാഹികൾക്കെതിരെയുൾപ്പെടെ പരാതിയിൽ ആരോപണങ്ങളുണ്ട്. എംഎസ്എഫ് യോഗങ്ങൾ പതിവായി സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് വേദിയാകുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹരിത അദ്ധ്യക്ഷ മുഫീദ തസ്‌നിയും ജനറൽ സെക്രട്ടറി തബ്ഷിറയും ചേർന്നാണ് പരാതി തയ്യാറാക്കിയിരിക്കുന്നത്.
ജൂൺ 22 ന് എംഎസ്എഫ് ആസ്ഥാനമായ ഹബീബ് സെന്ററിലാണ് യോഗം നടന്നത്. ഇതിൽ അദ്ധ്യക്ഷൻ പി.കെ നവാസ് ഉൾപ്പെടെയുള്ളവർ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി. ഇത് പെൺകുട്ടികളെ സംഘടനയിൽ നിന്നും അകറ്റുന്നു.
സംസ്ഥാന വനിതാ നേതാക്കൾ ചേർന്ന് ഒരു പ്രത്യേക തരം ഫെമിനിസം പാർട്ടിയിൽ വളർത്തുകയാണെന്ന് എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷനും, ഭാരവാഹികളും പ്രചരിപ്പിക്കുന്നുണ്ട്. ഹരിതയുടെ പ്രവർത്തകർ വിവാഹം ചെയ്യാൻ ഇഷ്ടമില്ലാത്തവരാണെന്നും, കുട്ടികൾ ഉണ്ടാകാൻ സമ്മതിക്കാത്തവരാണെന്നുമുള്ള തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
















Comments