ന്യൂഡൽഹി : രാജ്യപുരോഗതിയ്‌ക്കായി ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യമൊട്ടാകെ നടപ്പാക്കണമെന്ന ആവശ്യമുയരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ദേശീയ ജനസംഖ്യാ നിയന്ത്രണ ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. യുപിയിലും അസമിലും നടപ്പിലാക്കാൻ ഒരുങ്ങുന്ന നിയന്ത്രണങ്ങൾക്ക് വിവിധ രാഷ്‌ട്രീയ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
സ്വകാര്യ ബില്ലായിട്ടാകും വിഷയം പാർലമെന്റിൽ എത്തുക. ബിജെപി എംപിമാരായ രാകേഷ് സിൻഹ, അനിൽ അഗർവാൾ തുടങ്ങിയവരാണ് ബില്ല് അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് ആറിന് ബില്ല് രാജ്യസഭയിലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ചയാണ് ഉത്തർപ്രദേശ് ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. രണ്ടിലധികം കുട്ടികളുള്ളവരെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുൾപ്പെടെ വിലക്ക് ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. സർക്കാർ ആനുകൂല്യങ്ങളിലും സംവരണങ്ങളിലും ഇവർക്ക് നിയന്ത്രണം വരും. 2030 വരെയാണ് നിയമം നടപ്പാക്കുന്നത്.
അസം സർക്കാരും ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിക്കഴിഞ്ഞു. യുപിയുടെ നീക്കത്തിന് അനുകൂലമായി ശരദ് പവാർ ഉൾപ്പെടെയുളള രാഷ്‌ട്രീയ നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബില്ല് രാജ്യത്തെ ജനസംഖ്യ സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുമെന്നും ദാരിദ്ര്യനിർമാർജ്ജനത്തിന് വഴിയൊരുക്കുമെന്നും വികസനം ഉറപ്പാക്കുമെന്നുമാണ് ബില്ലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
















Comments