ഗാന്ധിനഗർ: ലഹരി കടത്ത് തീവ്രവാദം രാജ്യത്തിന് പുതിയ ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസസ് സർവ്വകലാശാലയിൽ ആരംഭിച്ച നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് റിസർച്ച് അനാലിസിസ് സെന്റർ ഓഫ് എക്‌സ് ലൻസ് ഉദ്ഘാടനം ചെയ്യവേയാണ് രാജ്യം നേരിടുന്ന പുതിയ ഭീഷണിയെക്കുറിച്ച് അമിത് ഷാ സൂചിപ്പിച്ചത്.
അടുത്തിടെയായി രാജ്യത്തേക്ക് ലഹരി കടത്ത് വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. വിദേശരാജ്യങ്ങളിൽ നിന്ന് കടത്താൻ ശ്രമിക്കുന്ന ഹെറോയിൻ ഉൾപ്പെടെയുളള ലഹരി വസ്തുക്കൾ വൻതോതിൽ പിടികൂടുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ. രാജ്യം നേരിടുന്ന മറ്റൊരു അപകടമാണ് നാർക്കോ തീവ്രവാദം എന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
ലഹരി മരുന്നുകൾ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്ന് സർക്കാർ ഉറച്ച തീരുമാനമെടുത്തിരുന്നു. അതിൽ നിന്ന് പിന്നോട്ടുവലിക്കാൻ ആർക്കുമാവില്ല. ഇത് തടയേണ്ടത് പ്രധാനകാര്യമാണെന്നും അമിത് ഷാ പറഞ്ഞു.
ഇത്തരം കേസുകളിൽ വേഗത്തിലും മികച്ചതുമായ അന്വേഷണങ്ങൾ നടത്താൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ ഫോറൻസിക് സയൻസിന് ഒട്ടേറെ സംഭാവനകൾ നൽകാൻ കഴിയും. ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഇത്തരം കേസുകളിൽ അന്വേഷണം പുരോഗമിക്കുകയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
















Comments