ലക്‌നൗ : രാജ്യത്തെ ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്നതായി കണ്ടെത്തൽ. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂറിസർച്ചിന്റെ സർവ്വേയിലാണ് ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങൾ പിന്തുടരുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഗംഗാ സ്‌നാനത്തിലൂടെ പാപങ്ങൾ ഇല്ലാതാകുമെന്നുൾപ്പെടെ ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
2019 നവംബർ മുതൽ 2020 മാർച്ച് വരെയാണ് രാജ്യത്ത് പ്യൂറിസർച്ച് സർവ്വേ നടത്തിയിരിക്കുന്നത്. സർവ്വേയിൽ ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസങ്ങളായ കർമ്മ ഫലം, പുനർജന്മം, എന്നിവയിൽ വിശ്വസിക്കുന്നതായി കണ്ടെത്തി. പാപങ്ങളില്ലാതാകുമെന്ന വിശ്വാസത്തെ തുടർന്ന് നിരവധി ക്രിസ്ത്യാനികൾ ഗംഗയിൽ സ്‌നാനം ചെയ്യാറുണ്ടെന്നും സർവ്വേയിൽ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിൽ 54 ശതമാനം പേർ കർമ്മഫലത്തിൽ വിശ്വസിക്കുന്നുണ്ട്. 29 ശതമാനം പേർ പുനർജന്മത്തിൽ വിശ്വസിക്കുന്നു. 32 ശതമാനം പേരാണ് ഗംഗാസ്‌നാനത്തിലൂടെ പാപങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നത്. ഇതിന് പുറമേ ഹിന്ദു ഉത്സവങ്ങളായ ഹോളി, ദീപാവലി എന്നിവയും ഇവർ ആഘോഷിക്കുന്നുണ്ട്. നെറ്റിയിൽ സിന്ദൂരം തൊടുന്ന സ്ത്രീകളും ക്രിസ്ത്യൻ വിഭാഗത്തിൽ ഉണ്ടെന്നും സർവ്വേ വ്യക്തമാക്കുന്നു.
ഹിന്ദുക്കളുടെ ഉത്സവങ്ങൾ ആഘോഷിക്കാറുണ്ടെന്ന് 31 ശതമാനം ക്രിസ്ത്യാനികളും അഭിപ്രായപ്പെടുന്നു. 21 ശതമാനം സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം തൊടാറുണ്ടെന്നും സർവ്വേയിൽ പറയുന്നു.
Comments