ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ അലവൻസ് പതിനൊന്ന് ശതമാനം വർദ്ധിപ്പിച്ചു. 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തിയാണ് വർദ്ധനവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം. 2021 ജൂലൈ 1 മുതൽ ജീവനക്കാർക്ക് ഡിഎ ആനുകൂല്യം ലഭിക്കും.
48 ലക്ഷത്തി 34 ആയിരം കേന്ദ്ര ജീവനക്കാർക്കാണ് ഡിഎ ആനുകൂല്യം ലഭിക്കുക. 34,400 കോടി രൂപയാണ് ഡിഎ വർദ്ധനവിലൂടെ സർക്കാർ ചിലവായി കണക്കാക്കുന്നത്. 2021 ജൂൺ വരെ 50 ലക്ഷത്തിലധികം കേന്ദ്രസർക്കാർ ജീവനക്കാരുടെയും 61 ലക്ഷം പെൻഷൻകാരുടെയും ഡിഎ അലവൻസ് വർദ്ധനവ് മരവിപ്പിക്കാൻ ധനമന്ത്രാലയം തീരുമാനിച്ചിരുന്നു.
2020 ജനുവരിയിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ നാല് ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതിനുശേഷം രണ്ടാം പകുതിയിൽ (2020 ജൂൺ) ഇത് മൂന്ന് ശതമാനം വർദ്ധിച്ചു. 2021 ജനുവരിയിൽ വർദ്ധനവ് നാല് ശതമാനമാക്കി. എന്നാൽ കൊറോണ പശ്ചാത്തലത്തിൽ കഴിഞ്ഞ ജനുവരി മുതൽ സർക്കാർ ഇത് തടഞ്ഞുവെച്ചിരുന്നു. എന്നാൽ വർദ്ധനവ് പുന: സ്ഥാപിച്ചതോടെ 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായി ഉയർത്തുന്നത് ജീവനക്കാർക്ക് ഗുണം ചെയ്യും. ജീവനക്കാരുടെ അടി സ്ഥാന ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനമാണ് ഡിഎ അലവൻസായി കണക്കാക്കുന്നത്.
ഡിഎ വർദ്ധനവ് പുന:സ്ഥാപിച്ച ശേഷം കേന്ദ്ര ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടും വർദ്ധിക്കുമെന്നാണ് സൂചന. കേന്ദ്ര ജീവനക്കാരുടെ പിഎഫ് സംഭാവന കണക്കാക്കുന്നത് അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും അടിസ്ഥാനത്തിലാണ്.
Comments