തിരുവനന്തപുരം : ഏഴാം ക്ലാസുകാരൻ അഭിജിത്തിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകി കേരള പോലീസ്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അഭിജിത്തിന് ലാപ് ടോപ്പ് സമ്മാനിച്ചു. പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയായിരുന്നു അദ്ദേഹം കൊച്ചു മിടുക്കന് സമ്മാനം നൽകിയത്.
രാവിലെ മീൻ വിൽപ്പനയും, രാത്രി ഓൺലൈൻ ക്ലാസുമായി മുന്നോട്ട് പോകുന്ന അഭിജിത്തിന്റെ ജീവിതം കഴിഞ്ഞ ദിവസങ്ങളിൽ മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. വലുതാകുമ്പോൾ പോലീസ് ആകണമെന്നാണ് ഈ പതിനൊന്നുകാരന്റെ ആഗ്രഹം. ഈ ആഗ്രഹം
കേട്ടറിഞ്ഞതോടെ അനിൽ കാന്ത് അഭിജിത്തിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പോലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പോലീസ് ആസ്ഥാനത്തെത്തിയത്. അഭിജിത്തിനെ അനുമോദിച്ച അനിൽ കാന്ത് നന്നായി പഠിക്കണമെന്ന ഉപദേശവും നൽകി.
തിരുവല്ലം പുഞ്ചക്കരി തമ്പുരാൻമുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത് . ചെറുപ്പത്തിലെ തന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ് . പുലർച്ചെ നാലുമണിക്ക് മീൻ കച്ചവടത്തിനിറങ്ങുന്ന സുധാദേവിയെ കഴിയുന്ന തരത്തിൽ സഹായിക്കുകയാണ് അഭിജിത് . വിഴിഞ്ഞത്ത് നിന്ന് മീൻ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാൽ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളിൽ വീട്ടിൽ നിന്ന് പുറപ്പെടും . വീടുകളിൽ മീൻ ആവശ്യമുണ്ടോ എന്ന് തിരക്കും . മീൻകുട്ട സൈക്കിളിന് പുറകിൽ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേയ്‌ക്ക് . കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ പഠനം . രാത്രിയിൽ ഓൺലൈൻ ക്ലാസ്. ഇതാണ് അഭിജിത്തിന്റെ ദിനചര്യ.
















Comments