ശ്രീനഗർ : കിഴക്കൻ ലഡാക്ക് അതിർത്തിക്ക് സമീപം ചൈനയുടെ നിർമാണ പ്രവർത്തികൾ തകൃതിയെന്ന് റിപ്പോർട്ടുകൾ. യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം സ്ഥിരം സൈനിക താവളങ്ങൾ നിർമ്മിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾ ഇന്ത്യയും നിരീക്ഷിക്കുന്നുണ്ട്.
വടക്കൻ സിക്കിം മേഖലയിലെ നാകുലയ്‌ക്ക് എതിർവശമുള്ള ചെെനീസ് മേഖലയിൽ താൽക്കാലിക സംവിധാനങ്ങൾ ഒഴിവാക്കി സ്ഥിരമായി ഉപയോഗിക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് ഒരുക്കുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനിക താവളങ്ങളും, പരിശീലന കേന്ദ്രങ്ങളുമാണ് നിർമ്മിക്കുന്നത്. ലഡാക്കിലെ തന്ത്രപ്രധാന മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനീസ് സൈന്യം ഇവിടെ താവളമുറപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച പാതകളാണ് നാകുലയിൽ ഉള്ളത്. ഇത് സൈനിക നീക്കങ്ങൾ എളുപ്പമാക്കുമെന്നും ചൈന കണക്കാക്കുന്നുണ്ട്. കഴിഞ്ഞ വർഷം സംഘർഷമുണ്ടായ മേഖലയിലേക്ക് മിനിറ്റുകളുടെ യാത്ര മാത്രമാണ് ഇവിടെ നിന്നും ഉള്ളത്.
നാകുലയ്‌ക്ക് പുറമേ അരുണാചൽ സെക്ടറിലും ചൈനീസ് സൈന്യം സമാനമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അനുഗുണമായ കാലാവസ്ഥ കണക്കിലെടുത്താൻ സൈന്യം ഇവിടെ താവളമുറപ്പിക്കുന്നതെന്നാണ് വിവരം. പാംഗോങ്‌സോ മേഖലയിൽ റുട്ടോംഗ് ടൗണിൽ ചൈനീസ് സൈന്യം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാന നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്.
അതേസമയം നിയന്ത്രണ രേഖയിലെ സമാധാന അന്തരീക്ഷം തകരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്.
Comments