കാബൂൾ : രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താൻ താലിബാന് പാകിസ്താൻ സഹായം നൽകുന്നുണ്ടെന്ന് തുറന്നടിച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി. താഷ്‌കെന്റിൽ സെൻട്രൽ ആന്റ് സൗത്ത് ഏഷ്യൻ കോൺഫറൻസിൽ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഗാനിയുടെ വിമർശനം. ഭീകരാക്രമണം ലക്ഷ്യമിട്ട് പാകിസ്താനിൽ നിന്നും ജിഹാദികൾ അഫ്ഗാനിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താലിബാൻ ഭീകരർക്ക് പാകിസ്താൻ സൈന്യം സഹായങ്ങൾ നൽകുന്നുണ്ട്. ഭീകരാക്രമണം ലക്ഷ്യമിട്ട് 10,000 ജിഹാദികൾ കഴിഞ്ഞ മാസം രാജ്യത്തേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. സമാധാന ചർച്ചകളുടെ പ്രാധാന്യമെന്തെന്ന് താലിബാനെ ബോദ്ധ്യപ്പെടുത്തുന്നതിൽ പാകിസ്താൻ പൂർണമായി പരാജയപ്പെട്ടെന്നും ഗാനി വിമർശിച്ചു.
നിരന്തരം നൽകിയിരുന്ന ഉറപ്പിന് വിപരീതമായാണ് പാക് പ്രധാനമന്ത്രിയുടെ പ്രവൃത്തി. അഫ്ഗാനെ പിടിച്ചടക്കാൻ താലിബാനെ അനുവദിക്കില്ലെന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രഖ്യാപനം. എന്നാൽ താലിബാനെ സമാധാന ചർച്ചകളിൽ ഗൗരവമായി പങ്കെടുപ്പിക്കാതെ അഫ്ഗാൻ ജനതയുടെ നാശം ആഘോഷിക്കുകയായിരുന്നു പാകിസ്താൻ എന്നും ഗാനി തുറന്നടിച്ചു.
താലിബാനെ ഏത് വിധേനയും നേരിടാൻ അഫ്ഗാൻ തയ്യാറാണ്. എന്നാൽ താലിബാനെ പിന്തുണയ്‌ക്കുന്നവർ മുന്നോട്ടുവയ്‌ക്കുന്നത് രാഷ്‌ട്രീയമായ പ്രശ്‌നപരിഹാരമാണെന്നും ഗാനി വ്യക്തമാക്കി.
താലിബാനെ പിന്തുണച്ച് പാക് വ്യോമസേന രംഗത്തെത്തിയതായി കഴിഞ്ഞ ദിവസം അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പാകിസ്താനെതിരെ പ്രസിഡന്റും രംഗത്ത് വരുന്നത്.
Comments