തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ആദ്യ ഘട്ട റിപ്പോർട്ട് സമർപ്പിച്ചു. ഓഡിറ്റ് നടത്തിയ ജോയിന്റ് രജിസ്ട്രാറാണ് സഹകരണ രജിസ്ട്രാർക്ക് വിശദമായ ആദ്യഘട്ട റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിൽ ബാങ്കിലേത് ഗുരുതരമായ വീഴ്ചകളാണെന്ന് വിശദീകരിച്ചിട്ടുണ്ട്. വഴിവിട്ട വായ്പാ സഹായമാണ് നൽകിയിരിക്കുന്നത്. എല്ലാം ബിനാമി പേരുകളിലാണ് വായ്പ എടുത്തിരിക്കുന്നത്. സാമ്പത്തികമായി അതീവ ഗുരതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഭരണസമിതി അംഗങ്ങൾ അറിഞ്ഞുകൊണ്ടാണ് എല്ലാ ലോണുകളും പാസായിരിക്കുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളതായാണ് റിപ്പോർട്ട്. 2019ലെ ചില പരാതികളിൽ നടത്തിയ അന്വേഷണമാണ് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് 23 കോടിരൂപ വകയിരുത്തിയതായി ശ്രദ്ധയിൽപെട്ടത്.
ഓരോ രേഖകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജോയിന്റ് രജിസ്ട്രാർ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ ബാങ്കിനെതിരേയും ക്രമക്കേട് നടത്തിയ വർക്കെതിരേയും നടപടിക്കാണ് ജോയിന്റ് രജിസ്ട്രാർ ശുപാർശചെയ്തിട്ടുള്ളത്. നൂറുകോടി രൂപയിലേറെ വെട്ടിപ്പ് നടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ രജിസ്ട്രാറാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ആധാരത്തിലെ വിവിധ ഭൂമികളുടെ വിലകൂട്ടിക്കാണിച്ചാണ് തുടർവായ്പകളും പുതിയ വായ്പ്പകളും എടുത്തിരിക്കുന്നത്. ബിനാമി പേരുകളിലാണ് നിരവധി വായ്പകൾ നൽകിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരുടെ ആധാരങ്ങൾ അവർ അറിയാതെ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. അതീവഗുരതരമായ സാമ്പത്തിക തിരിമറിയാണ് നടന്നതെന്നും പ്രഥമികമായി തന്നെ ജോയിന്റ് രജിസ്ട്രാർ കണ്ടെത്തിയിരുന്നു.
2004 മുതൽ 2015 വരെയുള്ള കാലയളവിലെ ക്രമക്കേടുകൾ ആ കാലഘട്ടത്തിൽ ജോലിയിൽ ഇരുന്ന സീനിയർ അക്കൗണ്ടന്റ് കണ്ടെത്തിയിരുന്നു. അദ്ദേഹം നൽകിയ പരാതിയിലെ അന്വേഷണം ഭരണസമിതിയെ നിയന്ത്രിക്കുന്ന സി.പി.എം പൂഴ്‌ത്തിവെച്ചുവെന്നാണ് സൂചന. ബാങ്ക് നടത്തിയിരുന്ന ചിട്ടി അനധികൃതമായി ബിനാമിപേരുകളിൽ വിളിച്ചെടുക്കുന്ന തട്ടിപ്പും, മൂന്ന് സുപ്പർമാർക്കറ്റുകളിലെ സ്റ്റോക്ക് തട്ടിപ്പും ഇന്നലെ പുറത്തുവന്നിരുന്നു.
Comments