തൃശ്ശൂർ: സി.പി.എം നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്തയാൾ ആത്മഹത്യചെയ്തു. തേലപ്പള്ളി സ്വദേശി മുകുന്ദനാണ് ആത്മഹത്യ ചെയ്തത്. ബാങ്കിൽ നിന്നും ഒരു കോടി രൂപ വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗമാണ് ആത്മഹത്യചെയ്തത്. ജപ്തി നോട്ടീസ് ലഭിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
നൂറുകോടിയിലേറെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ കരുവന്നൂർ സഹകരണബാങ്ക് അന്വേഷണം നേരിടുകയാണ്. നിരവധി ഇടപാടുകാർ മാസങ്ങളായി തങ്ങളുടെ പണം തിരികെ ലഭിക്കാനായി കയറിയിറങ്ങുന്നതിനിടെയാണ് ആത്മഹത്യ. ബാങ്കിലെ ക്രമക്കേട് പ്രദേശത്ത് സംഘർഷാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത.
നൂറുകോടിരൂപ തട്ടിച്ചതായാണ് ജോയിന്റ് രജിസ്ട്രാർ പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. 46 ആധാരങ്ങൾ ഇടപാടുകാരറിയാതെ മറിച്ച് പണയം വെച്ചതായും കണ്ടെത്തി. ഇതിന് പിന്നാലെ ബാങ്കിന്റെ ചിട്ടി നടത്തിപ്പിലും സൂപ്പർമാർക്കറ്റ് നടത്തിപ്പിലും കോടികളുടെ വെട്ടിപ്പാണുണ്ടായതെന്നും രജിസ്ട്രാർ കണ്ടെത്തിയിട്ടുണ്ട്. 2004 മുതലുള്ള വിവിധ തട്ടിപ്പുകളുടെ പരാതികൾ സി.പി.എം. മൂടിവെച്ചതായി പാർട്ടിയിൽ നിന്നും പുറത്തായവരും സമ്മതിക്കുന്നു. പരാതിപറഞ്ഞവരെ പലകാരണങ്ങൾ പറഞ്ഞ് പാർട്ടി പുറത്താക്കുകയായിരുന്നുവെന്നും മുൻ പരാതിക്കാർ ആരോപിക്കുന്നു. സി.പി.എം നേതാക്കളടങ്ങുന്ന ഭരണസമിതിയും പാർട്ടി അനുഭാവികളായ ജീവനക്കാരും കോടികൾ വെട്ടിച്ചെന്നാരോപിച്ച് സമരം തുടരുകയാണ്. ബി.ജെ.പിയും കോൺഗ്രസ്സും ബാങ്കിന് മുന്നിൽ സമരത്തിലാണ്.
Comments