കോഴിക്കോട്: നിരോധിച്ച പബ്ജി ഗെയിം കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടിൽ നിന്നും മക്കൾ പിൻവലിച്ചത് ഒരു ലക്ഷത്തിൽ അധികം രൂപ. അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മക്കൾ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്.
ഒൻപതിലും പത്തിലും പഠിക്കുന്ന രണ്ട് മക്കളും ബന്ധുവായ കുട്ടിയും ചേർന്നാണ് വൻതുക ചെലവഴിച്ചത്. ഓൺലൈൻ പഠനത്തിനായി മക്കൾക്ക് സ്മാർട്ട് ഫോണും ടാബും വാങ്ങി നൽകിയിരുന്നു. ഗെയിമിന്റെ പുതിയ ഘട്ടങ്ങൾ പിന്നിടാൻ മൂന്ന് പേർക്കും പണം വേണ്ടി വന്നു. തുടർന്ന് അമ്മയുടെ ഇന്റർനെറ്റ് ബാങ്കിംഗ് പാസ്‌വേഡും മറ്റ് വിവരങ്ങളും അറിയാവുന്ന കുട്ടികൾ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയായിരുന്നു.
പണം നഷ്ടമായതോടെ വീട്ടമ്മ പോലീസിൽ പരാതി നൽകിയിട്ടും കുട്ടികൾ ഇക്കാര്യം വീട്ടിൽ തുറന്നു പറഞ്ഞില്ല. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളാണ് പണം മുടക്കിയതെന്ന് തിരിച്ചറിയുന്നത്. ഇന്ത്യയിൽ നിരോധിച്ച പബ്ജി ഗെയിമാണ് ഇവർ കളിച്ചിരുന്നതെന്ന് സൈബർ പോലീസും വ്യക്തമാക്കി.
Comments