ആലപ്പുഴയിൽ വ്യാജ അഭിഭാഷക ചമഞ്ഞ് തട്ടിപ്പ്: കോടതിയിൽ കീഴടങ്ങാനെത്തിയ സെസി സേവ്യർ പിന്നിലെ വഴിയിലൂടെ മുങ്ങി

Published by
Janam Web Desk

ആലപ്പുഴ: കോടതിയിൽ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ മുങ്ങി. ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്നിലാണ് അഭിഭാഷകർക്കൊപ്പം സെസി സേവ്യർ ഹാജരായത്. സെസിയ്‌ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. ജാമ്യം ലഭിക്കില്ലെന്നുറപ്പായതോടെ അവർ കോടതിയിൽ നിന്ന് മുങ്ങുകയായിരുന്നു.

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിലായിരുന്നു സെസി ഹാജരാകേണ്ടത്. പകരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ കോടതിയിലാണ് എത്തിയത്. ജാമ്യം കിട്ടാത്ത വകുപ്പുകൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കോടതിയ്‌ക്ക് പിന്നിലെ വഴിയിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറി പോവുകയായിരുന്നു. ഇവർക്കായി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

എൽഎൽബി ജയിക്കാതെ വ്യാജ വിവരങ്ങൾ നൽകി അഭിഭാഷകയായി തട്ടിപ്പ് നടത്തുകയായിരുന്നു സെസി. ഇവരെ കണ്ടെത്താൻ മൊബൈൽ ഫോൺ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ആൾമാറാട്ടം, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് സെസിയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ബാർ അസോസിയേഷനിലെ സജീവ പ്രവർത്തകയായിരുന്നു ഇവർ. സെസി അംഗത്വം നേടാൻ നൽകിയ രേഖകൾ ബാർ അസോസിയേഷനിൽ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികൾ നൽകിയ പരാതിയിൽ പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകയുടെ റോൾ നമ്പറാണ് അംഗത്വമെടുക്കുമ്പോൾ നൽകിയതെന്ന് ബാർ അസോസിയേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 15ന് ഇതുസംബന്ധിച്ച് ഊമക്കത്ത് ലഭിച്ചതിനെ തുടർന്നായിരുന്നു ബാർ കൗൺസിൽ അന്വേഷണം ആരംഭിച്ചത്. സെസിയോട് സംഭവത്തിൽ 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. തുടർന്ന് അസോസിയേഷനിൽ നിന്നും പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Share
Leave a Comment