പോലീസിൽ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും; സ്ത്രീ സുരക്ഷയ്‌ക്ക് വ്യക്തമായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്; മുഖ്യമന്ത്രി

Published by
Janam Web Desk

തിരുവനന്തപുരം : പോലീസ് സേനയിലെ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം ഘട്ടംഘട്ടമായി വർദ്ധിപ്പിച്ച് 15 ശതമാനമാക്കാനാണ് തീരുമാനം. പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുൻപായി പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയ്‌ക്കായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നിലവിൽ നടപ്പാക്കുന്നത്. സ്ത്രീധനം, സ്ത്രീകൾ സൈബർ ലോകത്ത് നേരിടുന്ന പ്രശ്‌നങ്ങൾ മറ്റ് അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിരീക്ഷിക്കാൻ പിങ്ക് പോലീസും പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങളും തടയാൻ നിയമ നിർമ്മാണം നടത്തുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ ആലോചനയിലുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാന പോലീസ് സേനയിൽ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ തുടങ്ങുമെന്നും സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് പദ്ധതി 197 സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊറോണ കാലത്ത് തടവുകാർക്ക് പരോൾ നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. തടവുകാർക്കും ജനാധിപത്യ അവകാശമുണ്ടെന്നും അർഹതയില്ലാത്ത ആർക്കെങ്കിലും പരോൾ കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

Share
Leave a Comment