ന്യൂഡൽഹി : ഇന്ത്യൻ മാദ്ധ്യമത്തിന് രാജ്യത്ത് വിലക്കേർപ്പെടുത്തി ചൈനീസ് സർക്കാർ. ഓൺലൈൻ മാദ്ധ്യമമായ സ്വരാജ്യയ്‌ക്കാണ് വിലക്കേർപ്പെടുത്തിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മാദ്ധ്യമം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചൈനീസ് സർക്കാരിനെതിരെ സ്വരാജ്യ നിരന്തരം വാർത്തകളും, വിമർശനാത്മക ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതാണ് വിലക്കാൻ കാരണമെന്നാണ് നിഗമനം. അതേസമയം ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഓൺലൈനിലൂടെ ചൈനീസ് സർക്കാരിനെ മാദ്ധ്യമം കടന്നാക്രമിക്കുന്നുണ്ട്. ലോകജനതയെ ഭീതിയിലാഴ്‌ത്തിയ കൊറോണ മഹാമാരിയ്‌ക്ക് കാരണമായ ചൈനയെ സൂപ്പർ സ്‌പ്രെഡേഴ്‌സ് എന്ന് വിളിച്ച് അടുത്തിടെ മാദ്ധ്യമം കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് പെട്ടെന്നുള്ള വിലക്കിന് കാരണമെന്നാണ് മാദ്ധ്യമവും വ്യക്തമാക്കുന്നത്. വിലക്ക് അടുത്തിടെയൊന്നും ചൈനീസ് സർക്കാർ പിൻവലിക്കില്ലെന്നും, ചൈനയ്‌ക്കെതിരെ തുടർന്നും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമെന്നും സ്വരാജ്യ അറിയിച്ചു.
Comments