തിരുവനന്തപുരം : കൊറോണ ലോക്ക് ഡൗൺ മൂലം ചെറുകിട വ്യാപാരികൾ ആത്മഹത്യ ചെയ്ത വിവരം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാരുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു രാജീവ്. സംസ്ഥാനത്ത് ചെറുകിട വ്യാപാരികൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നിയമസഭയിൽ പ്രതിപക്ഷം ചോദ്യമുന്നയിച്ചത്.
കൊറോണ മൂലം കടക്കെണിയിൽ പെട്ട ചെറുകിട വ്യാപാരികൾക്കായി പ്രത്യേക പാക്കേജില്ലെന്നും മന്ത്രി വ്യക്തമാക്കി. സംരംഭങ്ങൾക്ക് വ്യവസായ ഭദ്രത പാക്കേജ്, കൊറോണ സമാശ്വാസ പദ്ധതി എന്നീ പേരുകളിൽ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജ് മാത്രമാണ് നിലവിലുള്ളതെന്നും മന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു.
ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയെടുത്തിട്ടില്ല. വായ്പ തിരിച്ചടവ് മുടങ്ങി സിബിൽ സ്കോർ നഷ്ടപ്പെടുന്നതിൽ സർക്കാരിന് മുൻ കൈ എടുക്കാമോയെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
അശാസ്ത്രീയമായ കൊറോണ ലോക്ക് ഡൗൺ കാരണം പെരുവഴിയിലായ ചെറുകിട സംരംഭകരും വ്യാപാരികളും ആത്മഹത്യ ചെയ്യുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കടകൾ തുറക്കാൻ അനുവദിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ വ്യാപാരി വ്യസായി കൂട്ടായ്മകൾ തീരുമാനിച്ചിട്ടുണ്ട്.
Comments