ടോക്ക്യോ: ഒളിമ്പിക്‌സിൽ രണ്ടാം മെഡൽ ഉറപ്പിച്ച് അഭിമാനമായിരിക്കുകയാണ് ഇന്ത്യയുടെ ബോക്‌സിങ് താരം ലവ്‌ലിന ബോർഗോഹെയ്ൻ. 69 കിലോഗ്രാം വിഭാഗം വെൽറ്റർ വെയ്റ്റ് വിഭാഗം ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്‌പേയിയുടെ നിയെൻ ചിൻ ചാനിനെ 4-1ന് ഇടിച്ചിട്ടാണ് ലവ്‌ലിന രാജ്യത്തിന്റെ യശ്ശസ് വാനോളം ഉയർത്തിയത്.
ഒളിമ്പിക്‌സ് ചരിത്രത്തിൽ രാജ്യത്തിന് വേണ്ടി ബോക്‌സിങ്ങിൽ മെഡൽ നേടുന്ന മൂന്നാമത്തെ താരമാണ് ലവ്‌ലിന. അസ്സമിലെ ഗെഹ്ലോട്ട് ജില്ലയിൽ 1997 ഒക്ടോബർ രണ്ടിനാണ് ലവ്‌ലിന ജനിച്ചത്. കിക്ക് ബോക്‌സറായിട്ടായിരുന്നു താരം കരിയർ ആരംഭിച്ചത്. പിന്നീട് ബോക്‌സിങ്ങിലേക്ക് മാറുകയായിരുന്നു. ലവ്‌ലിനയുടെ അച്ഛൻ ഒരു ചെറുകിട വ്യപാരിയായിരുന്നു. അതുകൊണ്ട് തന്നെ മകളുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ അദ്ദേഹം വളരെ അധികം വെല്ലുവിളികൾ നേരിട്ടിരുന്നു.
ഇതിനിടെയാണ് സ്‌കൂളിൽ നടന്ന സായിയയുടെ ട്രയൽസിൽ ലവ്‌ലിന തെരഞ്ഞെടുക്കപ്പെടുന്നത്. ഇത് തന്നെയാണ് ലവ്‌ലിനയുടെ കരിയറിൽ ഉണ്ടായ ഏറ്റവും വലിയ വഴിത്തിരിവ്. 2012ലാണ് ലവ്‌ലിന സായിയിലെത്തുന്നത്. ഈ സമയത്ത് പദംബോറോയാണ് ലവ്‌ലിനയെ പരിശീലിച്ചിരുന്നത്. പിന്നീട് അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ ആരംഭിത്തകോടെ ഇന്ത്യയുടെ മുഖ്യ കോച്ച് കൂടിയായ ശിവ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു ലവ്‌ലിന ഇപ്പോൾ പരിശീലിച്ചുകൊണ്ടിരിക്കുന്നത്.
ടോക്ക്യോയിലേക്കുള്ള ഒരുക്കങ്ങൾ വേണ്ടവിധം നടത്താൻ ലാവ്‌ലിനയ്‌ക്ക് ആയിരുന്നില്ല. കഴിഞ്ഞ വർഷം ജൂലൈയിൽ തന്റെ സഹതാരങ്ങളെല്ലാം നാഷണൽ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ ലാവ്‌ലിന അമ്മയ്‌ക്കൊപ്പം ആയിരുന്നു. ആശുപത്രിയിൽ ചികിത്സയിലായ അമ്മയെ പരിചരിക്കാനും കൃഷിയിടത്തിൽ അച്ഛനെ സഹായിക്കാനും. വീട്ടിലെ ഗ്യാസ് സിലിണ്ടർ എടുത്തിയർത്തിയ ലാവ്‌ലിനയുടെ പരിശീലനം ഉൾപ്പെടെ വാർത്തകളിൽ ഇടം നേടിയിരുന്നു.
പ്രഥമ അന്താരാഷ്‌ട്ര ബോക്‌സിങ്ങ് ചാമ്പ്യൻ ഷിപ്പായ ഇന്ത്യൻ ഓപ്പണിൽ വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ ലവ്‌ലിന സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു. വിയറ്റ്‌നാമിൽ നടന്ന ഏഷ്യൽ ബോക്‌സിങ് ചാമ്പ്യൻ ഷിപ്പിൽ വെങ്കലവും താരത്തെ തേടിയെത്തി. അസ്താനയിൽ നടന്ന പ്രസിഡന്റ് കപ്പിലും മെഡൽ സ്വന്തമാക്കിയിരുന്നു. വനിതകളുടെ ലോക ബോക്‌സിങ്ങിൽ വെങ്കലവും ലവ്‌ലിനയ്‌ക്ക് ലഭിച്ചിട്ടുണ്ട്.
ഇത്തവണ ടോക്ക്യോ ഒളിമ്പിക്‌സിൽ മത്സരിക്കാനിറങ്ങിയതോടെ അസമിൽ നിന്നും ഇന്ത്യയ്‌ക്ക് വേണ്ടി ഗെയിംസിൽ പങ്കെടുത്ത ആദ്യ വനിതാ താരമായും അവർ മാറിയിരുന്നു. ബോക്‌സിങ്ങിലെ മികച്ച പ്രകടനത്തിലൂടെ അർജുന അവാർഡും ലവ്‌ലിനയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇരട്ടകളായ മൂത്ത സഹോദരിമാർക്കൊപ്പം കിക്ക്‌ബോക്‌സിങ്ങിൽ ചുവടുവെച്ചാണ് ലാവ്‌ലിനയുടെ റിങ്ങിലേക്കുള്ള കടന്നുവരവ്.
















Comments