ലക്‌നൗ: ഉത്തർപ്രദേശിലും ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഫത്തേപ്പുർ ജില്ലാ സെഷൻസ് കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജ് മുഹമ്മദ് അഹമ്മദ് ഖാനെയാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഝാർഖണ്ഡിൽ ജഡ്ജിയെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണിത്.
വ്യാഴാഴ്‌ച്ച രാത്രിയാണ് സംഭവം. പ്രയാഗ് രാജിൽ നിന്ന് ഫത്തേപുരിലേക്ക് വരികയായിരുന്ന മുഹമ്മദ് അഹമ്മദ് ഖാന്റെ വാഹനത്തിൽ അമിത വേഗത്തിൽ വന്ന ഇന്നോവ കാർ ഇടിച്ച് കയറ്റുകയായിരുന്നു. അദ്ദേഹം ഇരുന്ന വശത്തേയ്‌ക്ക് നിരവധി തവണ വാഹനമിടിച്ച് കയറ്റാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.
സംഭവത്തിൽ ജഡ്ജി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ നേരത്തേയും വധശ്രമവും ഭീഷണിയും നടന്നിട്ടുണ്ടെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. 2020 ഡിസംബറിൽ ഒരു കുറ്റവാളിയുടെ ജാമ്യം നിരസിക്കുകയാണെങ്കിൽ കുടുംബത്തോടൊപ്പം വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.
കോഖ്രാജ് പ്രദേശത്ത് വെച്ചാണ് വധശ്രമമുണ്ടായത്. പരിക്കുകളോടെ മുഹമ്മദ് അഹമ്മദ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. അക്രമിയേയും ഇയാൾ ഓടിച്ചിരുന്ന കാറും പോലീസ് പിടികൂടി. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Comments