പത്തനംതിട്ട : ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ട് അംഗീകരിച്ചാൽ വഴിപാട് നിരക്കുകളിൽ അഞ്ച് മുതൽ 25 ശതമാനം വരെ വർദ്ധനവാണ് ഉണ്ടാകുക.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത് ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഇത് മറികടക്കുന്നതിന് വേണ്ടിയാണ് വഴിപാട് നിരക്ക് വർദ്ധിപ്പിക്കുന്നത്.
റിപ്പോർട്ടിന് കോടതി അനുമതി നൽകിയാൽ ചിങ്ങം മുതൽ പുതിയ വഴിപാട് നിരക്ക് നിലവിൽ വരും. നിലവിൽ ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ഓൺലൈൻ വഴിപാടുകളാണ് ഉള്ളത്. ശബരിമലയിൽ 10 രൂപയുടെ നെയ്യഭിഷേകം മുതൽ 75,000 രൂപയുടെ പടിപൂജ വരെ 57 വഴിപാടുകളാണ് ഉള്ളത്.
ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനുൾപ്പെടെ പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇതിനായി പല വഴികൾ ദേവസ്വം ബോർഡ് സ്വീകരിക്കുന്നുമുണ്ട്. ഇതിൽ ഒന്നുമാത്രമാണ് വഴിപാട് നിരക്ക് വർദ്ധിപ്പിക്കുന്നത്. പണം കണ്ടെത്തുന്നതിനായി ക്ഷേത്രങ്ങളിലെ ഉപയോഗിക്കാത്ത പാത്രങ്ങൾ വിൽക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments