ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കായി വീട്ടിൽ പ്രഭാത ഭക്ഷണമൊരുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനെതിരെ പോരാടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കിയത്. കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താൻ ഈ കൂടിച്ചേരൽ കൂടുതൽ ശക്തി നൽകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ ഒന്നിച്ചുള്ള ശബ്ദം അടിച്ചമർത്താൻ ബിജെപിയ്‌ക്ക് പ്രയാസമായിരിക്കുമെന്നും രാഹുൽ പറഞ്ഞു. യോഗത്തിൽ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. അതേസമയം, ബി.എസ്.പി, ആം ആദ്മി പാർട്ടി നേതാക്കൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
രാജ്യസഭയിലേയും ലോക്‌സഭയിലേയും പ്രതിപക്ഷ പാർട്ടികൾ രാഹുൽ ഒരുക്കിയ പ്രഭാത ഭക്ഷണ യോഗത്തിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആദ്യമായി തൃണമൂൽ കോൺഗ്രസും പങ്കു ചേർന്നു.
ജെ.എം.എം, ജെ.കെ.എൻ.സി, മുസ്‌ലിം ലീഗ്, ആർ.എസ്.പി, കെ.സി.എം നേതാക്കൾക്കൊപ്പം എൻ.സി.പി, ശിവസേന, സി.പി.ഐ, ആർ.ജെ.ഡി, സമാജ്‌വാദി പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
Comments