ന്യൂഡൽഹി: ഇന്ത്യ-ചൈന ലഡാക് അതിർത്തിയിലെ സൈനിക പിന്മാറ്റത്തിൽ തത്വത്തിൽ ധാരണയായതായി റിപ്പോർട്ട്. സുപ്രധാന പട്രോളിംഗ് മേഖലകളിൽ നിന്നും നിശ്ചിത ദൂരം പിന്മാറാനാണ് ധാരണ. ആറുമാസമായി നടക്കുന്ന വിവിധ ഘട്ടങ്ങളിലെ ചർച്ചകളിൽ ഇത് രണ്ടാം തവണയാണ് സൈനിക പിന്മാറ്റം വീണ്ടും ഉറപ്പിക്കുന്നത്. ചർച്ച ശനിയാഴ്ചയാണ് നടന്നതെങ്കിലും തീരുമാനം വന്നത് ഇന്നലെ അർദ്ധരാത്രിയോടെയാണ്.
കമാൻഡർ തലത്തിൽ 12-ാം തവണയാണ് ചർച്ച നടന്നത്. അതിർത്തി മേഖലയായ പിപി17 എയിൽ നിന്നും പിന്മാറാനാണ് തീരുമാനം. ഗോഗ്ര മേഖലയിൽ നിന്നാണ് ആദ്യഘട്ടത്തിൽ സൈന്യത്തെ പിൻവലിക്കുക. 30-40 സൈനികരാണ് ഇരുരാജ്യങ്ങളുടേതായി മേഖലയിലുള്ളത്. സ്ഥിരം പട്രോളിംഗ് നടത്തുന്ന സംഘത്തെയാണ് ഇന്ത്യയും ചൈനയും വിന്യസിച്ചിരുന്നത്. എന്നാൽ പിപി15 എന്ന ഹോട്‌സ്പ്രിംഗ് മേഖലയിലെ കാര്യം പരാമർശിച്ചിട്ടില്ല. നിലവിൽ ഇരു സൈനികരും തമ്മിൽ 500 മീറ്റർ വ്യത്യാസത്തിൽ മാത്രമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇത് സംഘർഷ സാദ്ധ്യത വർദ്ധിപ്പിക്കും. ചൈനയുടെ മുന്നേറ്റത്തിനനുസരിച്ചാണ് ഇന്ത്യൻ സൈന്യം അതിർത്തിയിലേക്ക് കൂടുതൽ നീങ്ങിയത്.
‘ അതിർത്തിയിലെ പിന്മാറ്റം സംബന്ധിച്ച് ധാരണകളായി. പിപിഎ17നെ സംബന്ധിച്ചാണ് തീരുമാനം എടുത്തത്. എന്നാൽ പിപി15-ഹോട്‌സ്പ്രിംഗ് മേഖലയിലെ സ്വന്തം പ്രദേശത്തെ അതിർത്തിമേഖലയിൽ നിന്ന് പിന്മാറാൻ ഇതുവരെ ചൈന തീരുമാനമെടുത്തിട്ടില്ല.’ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ദെസ്പാംഗ് താഴ്‌വര, ദേംചോക്കിലെ ചാർഡിംഗ്-നിൻഗ്ലുഗ് നള്ളാ മേഖലയിലെ സൈനിക പിന്മാറ്റം ഇതുവരെ ചർച്ചയായിട്ടില്ലെന്നും സൈനിക മേധാവികൾ അറിയിച്ചു. ഇത്തവണ നടന്ന ചർച്ച കൂടുതൽ ഫലപ്രദവും വ്യക്തവുമാ യിരുന്നുവെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു.
















Comments