ഛണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ ഭീഷണി മുഴക്കി ഖാലിസ്താൻ ഭീകരർ. ഖലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് ത്രിവർണ്ണ പതാക ഉയർത്താൻ അനുവദിക്കില്ലെന്നാണ് ഭീഷണി.
മാദ്ധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരുടെ ഫോണിലേക്കാണ് ഖലിസ്താൻ ഭീഷണി സന്ദേശം ലഭിച്ചത്. സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസെൽ ഗുരുപത്‌വന്ദ് പന്നുൻ എന്ന പേരിലാണ് സന്ദേശം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനും ത്രിവർണപതാക ഉയർത്താൻ അനുവദിക്കില്ലെന്ന തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഹിമാചൽ പ്രദേശ് പഞ്ചാബിന്റെ ഭാഗമാണെന്നും, സംസ്ഥാനം പിടിച്ചെടുക്കുമെന്നും ഭീഷണി സന്ദേശത്തിൽ ഭീകരർ പറഞ്ഞിരുന്നു. ഗുരുപത്‌വന്ദ് പന്നുൻ എന്ന പേരിലാണ് ഹിമാചൽ മുഖ്യമന്ത്രിയ്‌ക്കും ഭീഷണി സന്ദേശം ലഭിച്ചത്.
അതേസമയം തനിക്ക് നേരിട്ട് ഭീഷണി സന്ദേശം ലഭിച്ചിട്ടില്ലെന്ന് മനോഹർ ലാൽ ഖട്ടർ പറഞ്ഞു. എന്നിരുന്നാലും സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പോലീസിനും ബന്ധപ്പെട്ട ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വേണ്ട രീതിയിൽ നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു.
















Comments