ന്യൂ ഡൽഹി: ഇന്തോ-യു.എസ് ആണവകരാറിനെതിരെ ചൈന ഇന്ത്യയിലെ ഇടതു പക്ഷപാർട്ടികളെ ഉപയോഗിച്ചു എന്ന വാദത്തെ തള്ളി സി.പി.ഐ-എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ്‌ലെയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് യെച്ചൂരി രംഗത്ത് എത്തിയത്.
വിജയ് ഗോഖ്‌ലെയുടെ ‘ദി ലോങ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് പ്രസ്താവന.ഇന്തോ-യു.എസ് കരാർ അട്ടിമറിക്കാനായി ചൈന ഇന്ത്യയിലെ ഇടതുപാർട്ടികളെ ഉപയോഗിച്ചു എന്നാണ് ഗോഖ്‌ലെ തന്റെ പുസ്തകത്തിൽ പറയുന്നത്. എന്നാൽ, ഈ വാദം തെറ്റാണെന്നും ആണവകരാറിൽ ഇടതു പക്ഷത്തിന്റെ നിലപാടുകളിൽ ചൈനക്ക് യാതൊരു പങ്കുമില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ആണവകരാറിനെതിരെ തങ്ങൾ ഉന്നയിച്ച വാദങ്ങൾ ചൈനയുമായി ചർച്ച ചെയ്തിട്ടില്ല. ചൈനക്കു പകരം മറ്റൊരു രാജ്യവുമായിട്ടാണ് കാരാർ ഒപ്പിടുന്നതെങ്കിലും, ഇന്ത്യയുടെ ഭാവിയെ മുൻനിർത്തി തങ്ങൾ എതിർക്കുമായിരുന്നു എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കരാർ ഒപ്പിട്ടതോടെ ഇന്ത്യ പൂർണ്ണമായും അമേരിക്കയുടെ കളിപ്പാവയായി മാറിയെന്ന കാഴ്ചപ്പാടാണ് ലോകത്തിനുള്ളത്. ഇന്ത്യയുടെ ഭാവിയെ മുന്നിൽ കണ്ടാണ് കരാറിനെ എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആണവകരാറിനെ തുടർന്ന് ഇടതുപക്ഷം അന്നത്തെ യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. എന്നാൽ ചൈനക്ക് ഇതുമായി ബന്ധമില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
നയതന്ത്രപരമായി ഇന്ത്യ അമേരിക്കയുടെ ആശ്രിതരാവും എന്നതാണ് ഇടതുപക്ഷം ഉന്നയിച്ച വാദം. ന്യൂക്ലിയർ സപ്ലയേർസ് ഗ്രൂപ്പിൽ ചൈന ഇന്ത്യയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചു. എന്നിട്ടും ഇടതുപക്ഷം തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നുവെന്നും യെച്ചൂരി ചൂണ്ടികാട്ടി.
















Comments