തിരുവനന്തപുരം : ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ചന്തകൾ സംഘടിപ്പിക്കാൻ സർക്കാർ. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. സപ്ലൈകോ മുഖേന കാസർകോട് മുതൽ തിരുവനന്തപുരം വരെ 1484 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഈ മാസം 11 ന് ആരംഭിച്ച് 20 ന് സമാപിക്കുന്ന തരത്തിലാണ് ജില്ലാ തല ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. സബ്‌സിഡി- സബ്‌സിഡി ഇതര ഉത്പന്നങ്ങൾ ഇവിടെ നിന്നും ലഭ്യമാകും. താലൂക്കുകളും നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ചുള്ള ഓണച്ചന്തകൾ ആഗസ്റ്റ് 16നാണ് ആരംഭിക്കുക. 20 ന് സമാപിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ച് 75 ചന്തകളും, നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 60 ചന്തകളുമാണ് സർക്കാർ സംഘടിപ്പിക്കുക.
ഓണച്ചന്തകൾ നടക്കുന്ന കാലയളവിൽ സപ്ലൈകോയുടെ മറ്റ് വിൽപ്പന ശാലകളെല്ലാം ഓണം മിനിഫെയറുകളായാകും പ്രവർക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ ഓണച്ചന്തകൾ സംഘടിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്. ഈ സാഹചര്യത്തിൽ ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത് രോഗവ്യാപനം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
















Comments