ന്യൂഡൽഹി: പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ പരോക്ഷമായി വിമർശിച്ച് ഇന്ത്യ. മാറിയ ലോകസാഹചര്യത്തിൽ തെക്കൻ ചൈന കടലിൽ രാജ്യങ്ങളെല്ലാം കൃത്യമായ പെരുമാറ്റചട്ടംപാലിക്കണമെന്ന് വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. പതിനൊന്നാമത് കിഴക്കൻ ഏഷ്യാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്‌ട്രസഭയുടെ സമുദ്രനയം എല്ലാ മേഖലയിലും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 1982ലെ യുഎൻസിഎൽഒഎസ് നയത്തിൽ തെക്കൻ ചൈനാ കടലിലെ പെരുമാറ്റചട്ടം വിശദീകരിക്കുന്നുണ്ട്. രാജ്യങ്ങളുടെ സമുദ്രമേഖലയിലെ അധികാരത്തെ അവഗണിക്കാതെ തന്നെ എല്ലാ താൽപ്പര്യങ്ങളും സംരക്ഷിക്ക പ്പെടുമെന്ന് ഉറപ്പുവരുത്തണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.
തെക്കൻ ചൈനാ കടലിൽ ചൈന അധിനിവേശ സ്വഭാവത്തോടെ നീങ്ങുകയാണ്. സ്വന്തം മേഖലയ്‌ക്കപ്പുറം സമുദ്രത്തിലെ ചെറുദ്വീപുകളെ കൈപ്പിടിയിലാക്കുന്ന നയമാണ് ചൈനയുടേത്. പിടിച്ചെടുക്കുന്ന ദ്വീപുകളിൽ സൈനിക താവള മൊരുക്കാനുള്ള ശ്രമം മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ബ്രൂണേയ്, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്‌നാം, തായ്‌വാൻ എന്നീ ദ്വീപുരാജ്യങ്ങളും ചൈനയുടെ ഭീഷണിയിലാണ്.
വിയറ്റ്‌നാമിന്റേയും ജപ്പാന്റേയും ദ്വീപുകളെ ചൈന വളഞ്ഞുപിടിക്കാൻ ശ്രമിക്കുന്നതിനെതിരെ ക്വാഡ് സഖ്യം പ്രതിരോധം തീർത്തിരിക്കുകയാണ്. അമേരിക്ക ഇന്ത്യയുടെ സഹായവും പസഫിക്കിൽ തേടിയിട്ടുണ്ട്. ജപ്പാനൊപ്പം ഓസ്‌ട്രേലിയയെകൂടി അണിനിരത്തിയാണ് അമേരിക്ക ചൈനയെ തെക്കൻ ചൈന കടലിൽ പ്രതിരോധിക്കുന്നത്.
















Comments