ഹൈദരാബാദ് : കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ സുരക്ഷയിലും ഗുണനിലവാരത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് ഉറപ്പ് നൽകി ഭാരത് ബയോടെക്. 200 ൽ അധികം ഗുണനിലവാര പരിശോധനകൾക്കാണ് വാക്‌സിൻ വിധേയമാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറിയുടെ(സിഡിഎൽ) അനുമതി ലഭിച്ചതിന് ശേഷം മാത്രമാണ് വാക്‌സിൻ പൊതുവിപണിയിൽ എത്തിക്കുന്നത് എന്നും കമ്പനി വ്യക്തമാക്കി.
എല്ലാ ബാച്ച് വാക്‌സിനുകളും 200 ൽ അധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. തുടർന്ന് ഈ സാമ്പിളുകൾ സിഡിഎല്ലിൽ സമർപ്പിക്കും. സെൻട്രൽ ലബോറട്ടറിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ് വാണിജ്യ ആവശ്യത്തിനായി വാക്‌സിൻ പുറത്തിറക്കുന്നത്. വാക്‌സിൻ ഫലപ്രദമാണെന്നും ഭാരത് ബയോടെക് അറിയിച്ചു.
ബംഗളൂരു പ്ലാന്റിൽ നിർമ്മിച്ച വാക്‌സിന്റെ ആദ്യ ചില ബാച്ചുകൾ തൃപ്തികരമല്ലാത്തതിനാൽ നിരസിച്ചു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് വാക്‌സിൻ ഉത്പാദനത്തെ ബാധിച്ചു എന്നുള്ള ആരോപണങ്ങളാണ് ഉയർന്നത്. ഇത്തരത്തിലുള്ള വാർത്തകൾ ജനങ്ങളിൽ ഭീതി ഉയർത്തുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി വാക്‌സിൻ നിർമ്മാണ കമ്പനി രംഗത്തെത്തിയത്.
















Comments