ന്യൂയോർക്ക്: മ്യാൻമറിൽ പ്രതിനിധിയെ നിയമിച്ച ആസിയാൻ സമ്മേളന തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഐക്യരാഷ്‌ട്ര സുരക്ഷാ കൗൺസിൽ അദ്ധ്യക്ഷൻ എന്ന നിലയിലാണ് ഇന്ത്യ മ്യാൻമറിലെ തീരുമാനത്തെ അഭിനന്ദിച്ചത്. ബ്രൂണേയുടെ ഉപ വിദേശകാര്യമന്ത്രി ഇർവാൻ യൂസഫാണ് മ്യാൻമറിൽ ആസിയാൻ പ്രതിനിധിയായി നിയമിക്കപ്പെട്ടത്.
ആസിയാൻ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ പങ്കെടുത്ത സമ്മേളനത്തിലാണ് തീരുമാനം. മ്യാൻമറിലെ ജനാധിപത്യവ്യവസ്ഥ പുന:സ്ഥാപിക്കാനുള്ള ചർച്ചകളാണ് നടന്നത്. പ്രതിനിധി എന്ന ആശയത്തിലേക്ക് എത്തിയത് ഇന്ത്യയുടെ സജീവ ഇടപെടലിനെ തുടർന്നാണ്. ഇന്ത്യ നേതൃത്വം കൊടുത്ത ആസിയാൻ ചർച്ചകളിൽ മ്യാൻമറിലെ സൈനിക അട്ടിമറി പ്രധാന വിഷയമായിരുന്നു. ചൈനയും റഷ്യയും മ്യാൻമറിലെ സൈനിക അട്ടിമറിയെ ന്യായീകരിച്ച പശ്ചാത്തലത്തിൽ ഇന്ത്യ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യ മുൻകൈ എടുത്ത ചർച്ചയുടെ വിവരം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്നലെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് സൈനിക മേധാവി മിൻ ആംഗ് ഹ്ലായിംഗ് പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിച്ചത്. 2023ൽ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്നും ഹ്ലായിംഗ് വ്യക്തമാക്കി. രണ്ടു വർഷം സൈനിക ഭരണം തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പ്രക്ഷോഭകാരി കളോടുള്ള കടുത്ത സമീപനം സൈന്യം തുടരുമെന്നാണ് സൂചന. രാഷ്‌ട്രീയ നേതാക്കളുടെ വീട്ടുതടങ്കലും പിൻവലിക്കാൻ സാദ്ധ്യതയില്ല. സമരം ചെയ്ത 945 പേരെയാണ് ഇതുവരെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി ഒന്നാം തീയതിയാണ് ആംഗ് സൂംഗ് സൂ കിയുടെ നേതൃത്വത്തിലുള്ള കക്ഷിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും സൈന്യം ഭരണം പിടിക്കുകയായിരുന്നു.
Comments