ബംഗലൂരു: കൊറോണ വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകൾ തുറക്കാനൊരുങ്ങി കർണ്ണാടക സർക്കാർ. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കാണ് ആദ്യഘട്ടത്തിൽ ഓഫ്‌ലൈനായി അദ്ധ്യയനം പുനരാരംഭിക്കുക. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഈ തീരുമാനം അറിയിച്ചത്. വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ മാസം 23 മുതലാണ് കൊറോണ നിയന്ത്രണങ്ങൾ പാലിച്ച് ക്ലാസുകൾ പുനരാരംഭിക്കുക.
9 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ആരംഭിക്കുക. എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികളുടെ കാര്യം പിന്നീട് പരിഗണിക്കും.
വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളിലായി തിരിച്ച്, ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക.
കർണ്ണാടകയുടെ അയൽ സംസ്ഥാനങ്ങളായ കേരളം, മഹാരാഷ്‌ട്ര എന്നിവടങ്ങളിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്നും ഇതോടൊപ്പം രാത്രികാല കർഫ്യൂ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കർണ്ണാടകയിൽ 1500 മുതൽ 2000 വരെയാണ് പ്രതിദിന കൊറോണ രോഗികളുടെ കണക്ക്. മെയ് പകുതിയോടെ രണ്ടാം തരംഗവ്യാപനം നിയന്ത്രിക്കാൻ കർണ്ണാടകയ്‌ക്ക് സാധിച്ചിരുന്നു.
















Comments