മാരുതിയുടെ ജനപ്രിയ വാഹനങ്ങളിലൊന്നായ വാഗൺ ആറിന്റെ എക്സ്ട്രാ എഡിഷൻ പുറത്തിറക്കി. VXi വേരിയന്റിലാണ് പുതിയ ലിമിറ്റഡ് എഡിഷൻ മോഡൽ ലഭിക്കുക. 5.13 ലക്ഷമാണ് വേരിയന്റിന്റെ പ്രാരംഭ വില. അഡീഷണൽ ആക്‌സെസറീസിന് 23,000 രൂപയാണ് വില. ഇതോടെ വണ്ടിയുടെ ആകെ വില 5.36 ലക്ഷമാണ്. അഡീഷണൽ ആക്‌സെസറീസ് ഉൾപ്പെടുത്തിയാണ് വാഗൺ ആർ എക്സ്ട്രാ എഡിഷൻ ഡീലർ ലെവലിൽ പുറത്തിറക്കുന്നത്. ഡ്രൈവർക്കും യാത്രക്കാർക്കും അനുയോജ്യമായ പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ട് തന്നെ വാഹനത്തിന്റെ സ്വീകാര്യതയേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനത്തിന്റെ അകത്തും പുറത്തുമായി ആകർഷകരമായ നിരവധി പുത്തൻ പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. പുറംഭാഗത്തേയ്‌ക്ക് വരുമ്പോൾ മുന്നിലും പിന്നിലുമായി റിയർ ബംബർ പ്രൊട്ടക്റ്റർ, വീൽ ആർച് ക്ലാഡിങ്ങ്, സൈഡ് സ്‌കേർട്ട്, കറുത്ത നിറത്തിലായി സൈഡ് മൗൾഡിങ്ങ് എന്നീ സവിശേഷതകൾ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മുന്നിലും പിന്നിലും ക്രോം ഗാർണിഷ്, ഫോഗ് ലാംപ് ഗാർണിഷ്, അപ്പർ ഗ്രിൽ ക്രോം ഗാർണിഷ്, നമ്പർ പ്ലേറ്റ് ഗാർണിഷ് എന്നിവയും ലഭിക്കുന്നു.
സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ മോഡൽ. യാത്രക്കാരുടെ സുരക്ഷക്കായി സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, ഡ്രൈവർ എയർബാഗ്, റിയർ പാർക്കിങ്ങ് സെൻസറുകൾ, ഇലക്ട്രോണിക് ബ്രേയ്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ സഹിതമുള്ള ആന്റി ലോക്ക് ബ്രേയ്‌ക്കിങ്ങ് സിസ്റ്റം എന്നിവയും ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു.
അകത്തും പുറത്തുമായി വാഗൺ ആർ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും ഏകദേശം 13 നൂതന സംവിധാനങ്ങൾ വാഗൺ ആർ എക്സ്ട്രാ എഡിഷനിൽ ലഭിക്കുന്നു. 67 ബിഎച്ച്പി 90 എൻഎം ഉത്പാദകശേഷിയുള്ള ഒരു ലിറ്ററിന്റെ മൂന്ന് സിലിണ്ടർ എഞ്ചിനും, 82 ബിഎച്ച്പി 113 എൻഎം ഉത്പാദകശേഷിയുമുള്ള 1.2 ലിറ്ററിന്റെ 4 സിലിണ്ടർ എഞ്ചിനുമാണ് ലിമിറ്റഡ് എഡിഷൻ വാഹനങ്ങൾക്കുള്ളത്. ഇരു വേർഷനും അഞ്ച് മാനുവൽ ഗിയറുകളും ഓട്ടോമാറ്റിക് ഗിയറുകളും ഉണ്ട്.
രണ്ട് ദശാബ്ദങ്ങളായി ഇന്ത്യയിലെ വാഹന വിപണിയിൽ സജീവമായ വാഹനമാണ് മാരുതിയുടെ വാഗൺ ആർ. ഇതിന്റെ സിഎൻജി വേർഷനും ശ്രദ്ധിക്കപ്പെട്ടിരുന്നു.പുതിയ വാഗൺ ആർ എക്സ്ട്രാ എഡിഷനിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് വാഹന പ്രേമികൾ.
















Comments