കൊൽക്കത്ത: വരാനിരിക്കുന്ന ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടുമെന്ന് തൃണമൂൽ എംഎൽഎ മുകുൾ റോയ്. ബംഗാളിനൊപ്പം തൃപുരയിലും ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും അക്കാര്യത്തിൽ ഒരു കണിക പോലും സംശയമില്ലെന്നും തൃണമൂൽ നേതാവ് പറഞ്ഞു. എന്നാൽ വിമർശനങ്ങളുയർന്നതോടെ മുകുൾ റോയ് തന്റെ അഭിപ്രായം തിരുത്തി.
അബദ്ധത്തിൽ സത്യം പറഞ്ഞുപോയതാണെന്നാണ് സംഭവത്തിൽ ബിജെപിയുടെ പ്രതികരണം. കൃഷ്ണനഗറിലെ വോട്ടർമാരെ ചതിച്ച് അധികാരത്തിലെത്തിയ മുകുൾ റോയിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞതാണ്. എങ്കിലും പറഞ്ഞുപോയത് സത്യമാണെന്ന് ബിജെപി വക്താവ് ഷമിക് ഭട്ടാചാര്യ പ്രതികരിച്ചു.
എന്നാൽ, വരുന്ന തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ വിജയം ഉറപ്പാണെന്ന് തിരുത്തലുമായെത്തിയ മുകുൾ റോയ് പ്രഖ്യാപിച്ചു. ബിജെപി നിലം പരിശാകുമെന്നും തൃപുരയിൽ തൃണമൂൽ കോൺഗ്രസ് അക്കൗണ്ട് തുറക്കുമെന്നും അമളി പറ്റിയ തൃണമൂൽ നേതാവ് തിരുത്തി. നാക്ക് പിഴച്ച എംഎൽഎയ്‌ക്ക് പിന്തുണയുമായി മകൻ സുബ്രൻഷു റോയ് രംഗത്തെത്തിയിരുന്നു. ഭാര്യാവിയോഗത്തിന് ശേഷം മുകുളിന് വിഷാദരോഗമുണ്ടെന്നും മറവിയുണ്ടെന്നുമാണ് മകൻ പ്രതികരിച്ചത്.
ബിജെപി ടിക്കറ്റിൽ പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നും എംഎൽഎ സീറ്റ് കരസ്ഥമാക്കിയ നേതാവാണ് മുകുൾ റോയ്. മമതാ ബാനർജിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് ബിജെപിയിൽ ചേർന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തിയതോടെ വീണ്ടും തൃണമൂലിൽ ചേരുകയായിരുന്നു.
















Comments