മലപ്പുറം : പ്രളയ ദുരിതബാധിതരായ വനവാസികൾക്കായി നിർമ്മിച്ച വീടുകൾ ഇനിയും കൈമാറാതെ സർക്കാർ. താക്കോൽ ദാനത്തിനായി മുഖ്യമന്ത്രിയുടെ തിയതി കിട്ടാത്തതിനെ തുടർന്നാണ് വീടുകൾ കൈമാറുന്നത് വൈകുന്നത്. ചാലിയാർ കണ്ണംകുണ്ടിലാണ് വനവാസികൾക്കായി വീടുകൾ നിർമ്മിച്ചത്.
2019 ആഗസ്റ്റ് 8 നുണ്ടായ പ്രളയത്തിലെ ദുരിത ബാധിതർക്കുള്ള വീടുകളാണ് കൈമാറാനുള്ളത്. ചാലിയാർ പഞ്ചായത്തിലെ ചെട്ടിയാംപാറ, മതിൽമൂല, വൈലാശ്ശേരി എന്നീ കോളനി നിവാസികൾക്കാണ് വീടുകൾ നഷ്ടമായത്. വീടുകൾ ലഭിക്കാത്തതിനാൽ രോഗികളും പിഞ്ചുകുട്ടികളുമുൾപ്പെടെയുള്ളവർ ഇപ്പോൾ താമസിക്കുന്നത് ചോർന്നൊലിക്കുന്ന കുടിലുകളിലാണ്.
34 കുടുംബങ്ങൾക്കു മാതൃകാ ആദിവാസം ഗ്രാമം എന്ന പേരിലാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ഓരോ കുടുംബത്തിനും 50 സെന്റ് ഭൂമി വീതം ഇതിനായി അനുവദിച്ചിരുന്നു. 520 ചതുരശ്ര അടി വിസ്തീർണ്ണത്തിലായിരുന്നു വീടിന്റെ പണി ആരംഭിച്ചത്. പിന്നീട് കൂടുതൽ വിസ്തീർണത്തിൽ വീട് നിർമ്മിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതോടെ 24 എണ്ണത്തിന്റെ പണി നിർത്തി.
പിന്നീട് കൂടുതൽ വിസ്തീർണത്തിൽ വീടുകളുടെ പണി ആരംഭിച്ചെങ്കിലും ഒൻപത് വീടുകളുടെ പണി മാത്രമാണ് പൂർത്തിയായത്. ഈ വീടുകളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ തിയതി ലഭിക്കാത്തതിനെ തുടർന്ന് കൈമാറാതിരിക്കുന്നത്.
















Comments