കൊച്ചി: ഇ ബുൾജെറ്റ് സഹോദരന്മാരെ മോട്ടോർ വാഹന വകുപ്പ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാവുകയാണ്. നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തിയതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഇവരുടെ വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇതിനിടെ ഇ ബുൾജെറ്റിനെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി എംപിയെ വിളിച്ച ഒരു ഇ ബുൾജെറ്റ് ആരാധകന് സുരേഷ് ഗോപി കൊടുത്ത മറുപടിയാണ് ശ്രദ്ധനേടുന്നത്. സംഭവത്തെ കുറിച്ച് വ്യക്തമായി മനസിലായില്ലെങ്കിലും, ഏകദേശ രൂപം കിട്ടിയ സുരേഷ്, താൻ ചാണകമല്ലേയെന്നും നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ എന്നും പരാതിക്കാരന് മറുപടി നൽകി. തുടർന്ന് ഫോൺ കട്ട് ചെയ്യുകയായിരുന്നു. സുരേഷ് ഗോപിയുടെ മറുപടി സോഷ്യൽ മീഡിയയും ഏറ്റെടുത്തു.
കണ്ണൂർ ഇരിട്ടി കിളിയന്തറ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരുടേതാണ് ഇ ബുൾജെറ്റ് യൂട്യൂബ് ചാനൽ. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വീഡിയോ ചിത്രീകരിക്കുകയാണ് ഇവരുടെ രീതി. വരുമാനം വർദ്ധിച്ചതോടെ വാഹനത്തിൽ അപകടകരമായ രീതിയിലുള്ള മാറ്റങ്ങളാണ് ഇവർ വരുത്തിയത്. തുടർന്ന് മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുകയും കേസെടുക്കുകയുമായിരുന്നു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് 42,000 രൂപ പിഴയാണ് ഇട്ടിരിക്കുന്നത്.
Comments