ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സ് പുരുഷ ഹോക്കി സെമി ഫൈനലിൽ തോൽവി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി വിളിച്ചത് അവിശ്വസനീയമായിരുന്നുവെന്ന് പി.ആർ ശ്രീജേഷ്. വിഷമിക്കണ്ടെന്നും താൻ കൂടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞുവെന്ന് ശ്രീജേഷ് പ്രതികരിച്ചു. എല്ലാവരും ഒരു ടീമിന്റെ കൂടെ ചേരുന്നത് ആ ടീം ജയിക്കുമ്പോഴാണ്. എന്നാൽ തോറ്റപ്പോൾ പ്രധാനമന്ത്രി വിളിച്ചതും സമാധാനിപ്പിച്ചതും വളരെ സന്തോഷം ഉണ്ടാക്കിയെന്ന് ശ്രീജേഷ് പറഞ്ഞു.
സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിനെ കുറിച്ച് അറിയില്ലെന്നും ശ്രീജേഷ് വ്യക്തമാക്കി. കായികതാരമെന്ന നിലയിൽ തന്റെ കടമ നിർവ്വഹിച്ചിട്ടുണ്ട്. പാരിതോഷികം സർക്കാർ തീരുമാനിക്കേണ്ടതാണെന്നും അവർ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീജേഷ് പറഞ്ഞു. ഇന്ത്യയിലെത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് ശ്രീജേഷ് ടോക്കിയോയിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്.
ഖേലോ ഇന്ത്യ അടക്കമുള്ള കേന്ദ്ര പദ്ധതികൾ ഇന്ത്യൻ കായിക രംഗത്ത് ഉണർവ്വ് നൽകി. സമൂഹത്തിലെ താഴെത്തട്ടിലുള്ള പല കുട്ടികളേയും ഖേലോ ഇന്ത്യ പദ്ധതി സഹായിച്ചിട്ടുണ്ട്. കഴിവുള്ള താരങ്ങൾക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതിയാണ് ഖേലോ ഇന്ത്യയെന്നും ശ്രീജേഷ് കുട്ടിച്ചേർത്തു.
സ്‌കൂളുകളിൽ കായികം നിർബന്ധമാക്കണമെന്നും കൂടുതൽ മത്സരങ്ങൾക്ക് അവസരം നൽകണമെന്നും ശ്രീജേഷ് ആവശ്യപ്പെട്ടു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രസർക്കാരിന്റേത്. രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന് ധ്യാൻ ചന്ദിന്റെ പേര് നൽകിയതിൽ അഭിമാനമുണ്ട്. വളരെ മഹത്തായൊരു തീരുമാനമാണിത്. ഹോക്കിയിലെ മാന്ത്രികനെന്നാണ് ധ്യാൻ ചന്ദിനെ അറിയപ്പെടുന്നത്. അതിനാൽ തന്നെ അവർഡിന് അനിയോജ്യമായ പേര് തന്നെയാണ് ധ്യാൻ ചന്ദിന്റേതെന്നും ശ്രീജേഷ് പ്രതികരിച്ചു.
















Comments