മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചവയാണ്. ശോഭനയുടെ കരിയറിലെ ഏറ്റവും ശ്രദ്ധ നേടിയ കഥാപാത്രങ്ങളില്‍ ഒന്നാണിത്. ഇപ്പോള്‍ ശോഭന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.ഒരു വരാന്തയിലൂടെ ഡാന്‍സിന്റെ ആടയാഭരണങ്ങള്‍ അണിഞ്ഞ് പതിയെ നടന്നുവരുന്ന ശോഭനയെ ആണ് വീഡിയോയില്‍ കാണുക.
ചിലങ്കയുടെ ശബ്ദവും ശോഭനയുടെ സ്വരവും ദൃശ്യങ്ങള്‍ക്ക് അകമ്പടിയാവുന്നു. മന്ത്ര, നാഗവല്ലി, മലയാളം മൂവീസ് എന്നീ ഹാഷ്ടാഗുകളോടെയാണ് ശോഭന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.”ഞാന്‍ എന്റെ ഭൂതകാലത്തിന്റെയും അനുഭവങ്ങളുടെയും തുടര്‍ച്ചയാണ്,” എന്നാണ് ശോഭന പറയുന്നത്. ശോഭനയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ”ആ നാഗവല്ലി മാജിക് ഒരിക്കലും നിങ്ങളെ വിട്ടുപോവില്ല,” എന്നാണ് ആരാധകരുടെ കമന്റ്.
”ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്രനിര്‍മ്മാണകലയ്‌ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു. എന്റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു…..ഇന്നും അതെ.. നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല,” എന്നാണ് ചിത്രത്തിന്റെ 27-ാം വാര്‍ഷികവേളയില്‍ ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Comments