തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനോടുള്ള അവഗണനയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരളത്തിൽ നിന്നും ഒരു പെൺകുട്ടിയ്ക്ക് പോലും ഇപ്രാവശ്യത്തെ ഒളിമ്പിക്സിൽ യോഗ്യത നേടാനായില്ല എന്നതിനുത്തരം ശ്രീജേഷിനോട് സർക്കാർ കാണിക്കുന്ന മനോഭാവത്തിലുണ്ട്. ക്യാപ്റ്റൻ എന്ന് പി.ആർ ചാനലുകൾ വിളിച്ചാൽ അത് ക്യാപ്റ്റനാവാനുള്ള യോഗ്യതയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജേഷ് കേരളത്തിൽ എത്തിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പയ്യോളി എക്സ്പ്രസിന്റെ നാട്ടിൽ നിന്ന് ഒറ്റ പെൺകുട്ടിക്കു പോലും ഒളിംപിക് യോഗ്യത നേടാൻ കഴിയാഞ്ഞതെന്തെന്ന ചോദ്യത്തിന്റെ ഉത്തരം പി.ആർ ശ്രീജേഷിനോടുള്ള കേരള സർക്കാരിന്റെ സമീപനത്തിലുണ്ട്. ശ്രീജേഷ് തന്നെ പറഞ്ഞതുപോലെ നാലുവർഷത്തിലൊരിക്കൽ മാത്രമാണ് ഒരു ഒളിംപ്യൻ സൃഷ്ടിക്കപ്പെടുന്നത്. അതിന് പിന്നിൽ സമാനതകളില്ലാത്ത കഠിനാധ്വാനവും അർപ്പണമനോഭാവവവും രാജ്യത്തോടുള്ള കൂറുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒളിംപിക് വേദിയിൽ ഒരു മെഡൽ എന്നത് ലോകത്തെ മികച്ച താരങ്ങൾക്കും പോലും പലപ്പോഴും അപ്രാപ്യമായ ഒന്നാണ്.കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന് ലോകോത്തര താരങ്ങളോട് മത്സരിച്ച് വിജയിക്കുക എന്നത് നിസ്സാരമല്ലെന്ന് തിരിച്ചറിയണമെങ്കിൽ വിവേകമുണ്ടാവണം.പിച്ചവയ്ക്കുമ്പോൾ മുതൽ കുട്ടികളെ കായികതാരമാക്കാൻ പരിശീലിപ്പിക്കുന്ന രാജ്യങ്ങളുടെ രീതികൾ അറിയണം.അത് അറിയുന്നതുകൊണ്ടാണ് ഓരോ ദിവസവും ടോക്യോയിൽ വിളിച്ച് താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തിയത്.
ഒരു മത്സരത്തിൽ തോറ്റപ്പോഴും പ്രധാനമന്ത്രി ഫോണിൽ വിളിച്ചെന്നും അത് വലിയ പ്രചോദനമായെന്നും ശ്രീജേഷ് തന്നെ പറയുന്നു. വിജയത്തിലും പരാജയത്തിലും കളിക്കാരെ നെഞ്ചോടു ചേർക്കുന്നവനാണ് യഥാർഥ ക്യാപ്റ്റനെന്നും മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
Comments