കൊച്ചി : മലയാളികൾക്കുള്ള ഓണ സമ്മാനമാണ് ടോക്കിയോ ഒളിമ്പിക്‌സിൽ കരസ്ഥമാക്കിയ വെങ്കല മെഡലെന്ന് ഹോക്കി താരം പി ആർ ശ്രീജേഷ്. ടോക്കിയോയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെഡൽ നേട്ടത്തിന് സർക്കാർ അർഹമായ അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീജേഷ് പ്രതികരിച്ചു.
മെഡൽ നേട്ടത്തിന് ശേഷം എത്രയും വേഗം വീട്ടിലെത്തണം എന്നത് മാത്രമായിരുന്നു ചിന്ത. തന്റെ വിജയം കേരളത്തിലെ ഹോക്കി താരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ടോക്കിയോയിലെ കാലാവസ്ഥ തുടക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും പിന്നീട് പൊരുത്തപ്പെടാനായി . അടുത്ത ഒളിമ്പിക്‌സിന് ഇനിയും വർഷമുണ്ട്. അതുകൊണ്ടു തന്നെ ഒളിമ്പിക്‌സ് അല്ല ലക്ഷ്യം. അടുത്ത വർഷം നടക്കാനുള്ള ഏഷ്യൻ ഗെയിംസിനാണ് ഇപ്പോൾ പരിഗണന നൽകുന്നതെന്നും ശ്രീജേഷ് വ്യക്തമാക്കി.
ഡൽഹിയിൽ നിന്നും വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ശ്രീജേഷ് വിമാനത്താവളത്തിൽ എത്തിയത്. ചരിത്ര നേട്ടം സ്വന്തമാക്കി തിരിച്ചെത്തിയ താരത്തിന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.
Comments