വാഷിംഗ്ടൺ: അഫ്ഗാനിലെ സ്ഥിതി രൂക്ഷമാകുന്ന പശ്ചാത്തലത്തിലും തന്റെ തീരുമാനത്തിൽ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിൽ നിന്നും അമേരിക്കൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കാനെടുത്ത തീരുമാനത്തിൽ യാതൊരു പശ്ചാത്താപ വുമില്ലെന്ന് ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസ്സിലെ പതിവ് പത്രസമ്മേളനത്തിലാണ് ജോ ബൈഡൻ അഫ്ഗാൻ നയം വ്യക്തമാക്കിയത്.
അഫ്ഗാനിലെ ഭരണനേതൃത്വവും രാഷ്‌ട്രീയ നേതാക്കളും ഒരുമിച്ച് ചേരണം. അവർ ഒറ്റക്കെട്ടായി സമാധാനത്തിനായി പോരാടണം. ജനകീയ പങ്കാളിത്തതോടെ രാജ്യത്തെ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും ബൈഡൻ പറഞ്ഞു.
ഞങ്ങൾ നൽകിയ വാക്ക് പാലിക്കും. ഒപ്പം അഫ്ഗാൻ ഭരണകൂടത്തിന് വേണ്ട സൈനിക സഹായം നൽകുകയും ചെയ്യും. രാജ്യത്തെ വ്യോമസേനക്ക് മുൻ നിശ്ചയപ്രകാരമുള്ള എല്ലാ സഹായവും നൽകുകയാണ്. അഫ്ഗാൻ സൈന്യത്തിന് വേണ്ട ആയുധങ്ങളും ഭക്ഷണവും എത്തിക്കുന്നുണ്ട്. അവർക്ക് വേണ്ട ശംബളവും മുടക്കം കൂടാതെ നൽകുന്നുണ്ടെന്നും ജോ ബൈഡൻ അറിയിച്ചു.
പ്രവിശ്യകളിൽ താലിബാൻ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ അഫ്ഗാൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. അമേരിക്കൻ വ്യോമസേന താലിബാൻ ഭീകരകേന്ദ്രങ്ങൾ തകർക്കുന്നതിൽ അഫ്ഗാൻ സൈന്യത്തിന് ഒപ്പമുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
















Comments