ന്യൂഡൽഹി: ഒളിമ്പിക്‌സിൽ വ്യക്തിഗത ഇനത്തിലെ രാജ്യത്തിന്റെ ആദ്യ സ്വർണ്ണമെഡൽ അഭിനവ് ബിന്ദ്ര സ്വന്തമാക്കിയിട്ട് ഇന്ന് 13 വർഷം തികയുന്നു. 25 വയസ്സിലാണ് അഭിനവ് രാജ്യത്തിനായി സ്വർണ്ണമെഡൽ നേടുന്നത്. അഭിനവിന്റെ കഠിനാധ്വാനത്തിന് 2009ൽ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം ആദരിക്കുകയും ചെയ്തു. ടോക്കിയോ ഒളിമ്പിക്‌സ് അത്‌ലറ്റ് വിഭാഗത്തിൽ നീരജ് ചോപ്ര സ്വർണ്ണ മെഡൽ നേടിയതിന് പിന്നാലെയാണ് അഭിനവ് ബിന്ദ്രയുടെ സുവർണ്ണ നേട്ടത്തിന്റെ വാർഷികവും കടന്നുവരുന്നത്.
ബെയ്ജിങ്ങിൽ ഷൂട്ടിങ്ങിലെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലായിരുന്നു ബിന്ദ്രയുടെ സ്വർണ്ണം. 2008 ഓഗസ്റ്റ് 11 ഉച്ചയ്‌ക്ക് 12 മണിക്ക് ഷൂട്ടിംഗ് റേഞ്ച് ഹാളിൽ മത്സരം തുടങ്ങുമ്പോൾ ആകെയുള്ളത് വെറും 50 ഇന്ത്യക്കാർ മാത്രമായിരുന്നു. ചൈനക്കാരൻ മത്സരിക്കുന്നതിനാൽ അവരായിരുന്നു കാണികളിൽ ഭൂരിഭാഗവും, പത്ത് റൗണ്ടുള്ള മത്സരത്തിന്റെ ഓരോ ഘട്ടം കഴിയുന്തോറും ഇന്ത്യക്കാരുടെയും ആവേശം കൂടിക്കൂടി വന്നു.
ഒൻപതാം റൗണ്ടിൽ ഫിൻലൻഡുകാരൻ ഹാക്കിനൻ കൂടുതൽ പോയിന്റുകൾ നേടി. ഹക്കിനന് 10.3 പോയിന്റും ബിന്ദ്രയ്‌ക്ക് 10.2 പോയിന്റുമായിരുന്നു. ആകെ പോയിന്റിൽ ബിന്ദ്രയും ഹക്കിനിനും തുല്യനിലയിൽ. ഇരുവർക്കും ആകെ കിട്ടിയത് 689.7 പോയിന്റ്. അവസാന റൗണ്ടിൽ ആദ്യം വെടിയുതിർത്തത് ബിന്ദ്രയായിരുന്നു. 10.8 ആയിരുന്നു ബിന്ദ്രയുടെ സ്‌കോർ. ബിന്ദ്രയുടെ പ്രകടനം കണ്ട എല്ലാ ഇന്ത്യക്കാർക്കും ഉറപ്പായിരുന്നു മെഡൽ രാജ്യത്തിന് തന്നെയാകുമെന്നത്. 15 വർഷത്തെ കഠിന പരിശീലനത്തിന്റെ ഫലമായിരുന്നു ആ സ്വർണമെഡൽ.
13 വർഷങ്ങൾക്കിപ്പുറം നീരജിന്റെ സ്വർണമെഡൽ നേട്ടത്തിൽ ബിന്ദ്രയും അഭിനന്ദവുമായി എത്തിയിരുന്നു. ആരാധനയും ബഹുമാനവുമാണ് നീരജിനോട് ഉള്ളതെന്നാണ് അഭിനവ് പറഞ്ഞത്. സ്വർണ്ണ മെഡൽ ജേതാക്കളുടെ കൂട്ടത്തിലേക്ക് കൂടുതൽ പേരെ ഇനി ഒരുമിച്ച് കാത്തിരിക്കാം നീരജിന്റെ വരവ് അതിലേക്കു വാതിൽ തുറന്നിടും. ഇനിയുമൊരുപാടു വേദികളിൽ സ്വർണം ലക്ഷ്യമിടാനാവട്ടെയെന്നും അഭിനവ് ബിന്ദ്ര അഭിനന്ദന സന്ദേശത്തിൽ പറഞ്ഞിരുന്നു.
















Comments