തൃശ്ശൂർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ബലിയാടാക്കി സംസ്ഥാന സർക്കാർ. തട്ടിപ്പുകേസിൽ സഹകരണ വകുപ്പിലെ 16 ജീവനക്കാരെ സസ്‌പെന്റ് ചെയ്യാൻ സർക്കാർ തീരുമാനം. സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ മറപിടിച്ചാണ് നടപടി.
ജനരോഷം തണുപ്പിക്കാൻ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കുകയായിരുന്നു. തൃശ്ശൂർ ജോയിന്റ് റജിസ്്ട്രാർ മോഹൻമോൻ പി. ജോസഫ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വകുപ്പുതല നടപടി. ഇതു സംബന്ധിച്ച് സർക്കാർ ഇന്ന് ഉത്തരവിറക്കി.
എന്നാൽ കേസിലെ പ്രധാനപ്രതിയായ സി. പി. എം. നേതാവ് കിരണിനെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇയാൾ കഴിഞ്ഞ ദിവസം തൃശ്ശൂർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.
കേസിലെ ഒന്നാം പ്രതിയായ ടി. ആർ. സുനിൽ കുമാറിനെ കോടതി റിമാൻഡ് ചെയ്തു. ബാങ്കിലെ സെക്രട്ടറിയായിരുന്നു സുനിൽ കുമാർ. തട്ടിപ്പിന്റെ സൂത്രധാരനാണ് ഇയാളെന്ന് റിമാൻഡ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് പറയുന്നു. 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സി. പി. എം. ഭരിക്കുന്ന ബാങ്കിൽ നടന്നത്.
Comments