ലണ്ടൻ: ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹ കേക്കിന്റെ വില 1,850 പൗണ്ട്. കഴിഞ്ഞ ദിവസം നടന്ന ലേലത്തിലാണ് ഇംഗ്ലൻഡിലെ ലീഡ്‌സിൽ നിന്നും വന്ന ജെറി ലെയ്ടൻ ഓൺലൈനായി കേക്ക് സ്വന്തമാക്കിയത്. രാജകുടുംബത്തിന്റെ ആരാധകനാണ് ഇദ്ദേഹം.
ക്ലറൻസ് ഹൗസിലെ കൊട്ടാര ജീവനക്കാരനായ മോയ സ്മിത്തിനാണ് കേക്ക് നൽകിയിരുന്നത്. അവർ അതിന്റെ ടോപ്പിംഗ് ക്‌ളിംഗ് ഫിലിം ഉപയോഗിച്ച് സംരക്ഷിക്കുകയും ഇരുവരുടെയും വിവാഹ തീയതിയായ 1981 ജൂലൈ 29 കേക്കിന് മുകളിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
കേക്ക് ഐസിംഗിന്റെ വലിയ ഭാഗമായ മാർസിപാൻ ബേയ്‌സ് സ്വർണ്ണം, ചുവപ്പ്, നീല, വെള്ളി നിറങ്ങളിലുള്ള രാജകീയ കോട്ടിന്റെ വിശദമായ, പഞ്ചസാരയിൽ തീർത്ത രൂപകൽപ്പനയാണ്.
രാജവാഴ്ചയുടെ ആരാധകനെന്ന് സ്വയം വിശേഷിപ്പിച്ച ലെയ്ടൻ തന്റെ സ്വകാര്യ ശേഖരത്തിൽ കേക്കിന്റെ ഭാഗം ചേർക്കുമെന്നും ഇത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും പറഞ്ഞു.
ധാരാളം ആളുകൾ കേക്കിന്റെ ലേലത്തിന് എത്തിയെന്നുള്ള വസ്തുത ആശ്ചര്യാജനകമാണെന്ന് ഡൊമിനിക് വിന്റർ ലേലത്തിന്റെ അമരക്കാരൻ ക്രിസ് ആൽബുറി പറഞ്ഞു. യുഎസ്, യുകെ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ആവശ്യക്കാർ എത്തിയത്.
ലേല തുക പ്രതീക്ഷിച്ചതിലും വലുതായിരുന്നുവെന്നും 300 മുതൽ 500 പൗണ്ട് വരെയാണ് തങ്ങൾ പ്രതീക്ഷിച്ച വിലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1981 ജൂലൈ 29നായിരുന്നു ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹം.
1996ൽ അവർ വിവാഹബന്ധം വേർപ്പടുത്തി. 1997ൽ പാരീസിൽ വെച്ചുണ്ടായ ഒരു കാർ അപകടത്തിൽ ഡയാന രാജകുമാരി കൊല്ലപ്പെട്ടു.
Comments