കാബൂൾ: പ്രവിശ്യകളും വിമാനത്താവളങ്ങളും പിടിച്ചടക്കി മുന്നേറുന്ന താലിബാനെ നിയന്ത്രിക്കാൻ സൈനിക തലത്തിൽ മാറ്റവുമായി അഫ്ഗാനിസ്ഥാൻ. കരസേനാ മേധാവിയെയാണ് അഫ്ഗാൻ മാറ്റിനിയമിച്ചത്. പ്രസിഡന്റ് അഷ്‌റഫ് ഗാനിയാണ് പുതിയ കരസേനാ മേധാവിയെ പ്രഖ്യാപിച്ചത്. നിലവിലെ കരസേനാ മേധാവി വാലി മുഹമ്മദ് അഹമ്മദ്‌സായിയെ മാറ്റി ഹയ്ബത്തുള്ള അലിസായിയെയാണ് നിയമിച്ചത്. അഫ്ഗാൻ ദേശീയ കമാന്റോ സംഘത്തിന്റെ തലവനായി പ്രവർത്തിച്ച പരിചയം കണക്കിലെടുത്താണ് അലിസായിക്ക് ചുമതല നൽകിയിട്ടുള്ളത്.
അഹമ്മദ് സായി മാസങ്ങൾക്ക് മുമ്പാണ് കരസേനാ മേധാവിയായി ചുമതലയേറ്റത്. എന്നാൽ സൈന്യത്തെ നിയന്ത്രിക്കുന്നതിലും ആത്മവിശ്വാസം കൊടുക്കുന്നതിലും പരാജയപ്പെട്ടതായി രൂക്ഷമായ വിമർശനവും ഉയർന്നിരുന്നു. താലിബാൻ ആക്രമണം രൂക്ഷമാക്കി കാബൂളിനോട് അടുക്കുന്നതിനിടെയാണ് നിർണ്ണായക തീരുമാനം അഫ്ഗാൻ ഭരണകൂടം എടുത്തത്.
കനത്ത ആക്രമണം അഫ്ഗാൻ സേനയുടെ മനോവീര്യം തകർക്കുന്ന ഘട്ടത്തിലേക്കാണ് പല പ്രവിശ്യകളിലും എത്തിയിട്ടുള്ളത്. സൈനിക താവളങ്ങളും ആയുധങ്ങളും ഉപേക്ഷിച്ച് പോകുന്ന അവസ്ഥയാണ് പലയിടത്തും ദൃശ്യമാകുന്നത്. 9 പ്രവിശ്യകളിലും താലിബാൻ കാര്യമായ ചെറുത്തുനിൽപ്പില്ലാതെയാണ് അധികാരം പിടിച്ചത്. നൂറുകണക്കിന് സാധാരണക്കാരേയും മാദ്ധ്യമപ്രവർത്തകരേയും അഫ്ഗാൻ ഭരണകൂടത്തിന്റെ മാദ്ധ്യമ തലവനേയും താലിബാൻ വകവരുത്തിയതും ഭരണകൂടത്തിന് നാണക്കേടായിരിക്കുകയാണ്. ഇന്നലെ കാണ്ഡഹാർ ജയിൽ തകർത്ത് ആയിരക്കണക്കിന് താലിബാൻ ഭീകരരെ മോചിപ്പിച്ചതോടെ ഭരണകൂടം അതീവ പ്രതിസന്ധിയിലാണ്.
















Comments