ഇസ്ലാമാബാദ്: അഫ്ഗാൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും അഷ്‌റഫ് ഗാനി മാറാത്തിടത്തോളം താലിബാൻ ചർച്ചയ്‌ക്ക് തയ്യാറാകില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നിലവിലെ സാഹചര്യത്തിൽ നയതന്ത്രപരമായ ഒത്തുതീർപ്പിന് ശ്രമിക്കാൻ ബുദ്ധിമുട്ടാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
മൂന്ന്-നാല് മാസങ്ങൾക്ക് മുമ്പ് താലിബാൻ ഭീകരരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ താൻ നടത്തിയതാണ്. എന്നാൽ അഷ്‌റഫ് ഗാനി
പ്രസിഡന്റായി തുടരുന്നിടത്തോളം അഫ്ഗാൻ സർക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറാകില്ലെന്നാണ് താലിബാൻ വ്യക്തമാക്കിയതെന്നും ഇമ്രാൻ ഖാൻ അറിയിച്ചു.
അഫ്ഗാനിസ്താനിലെ സുരക്ഷാവീഴ്ചയ്‌ക്ക് പിന്നിൽ ഇസ്ലാമാബാദിന്റെ ഇടപെടലാണെന്ന ആരോപണം നേരത്തേ അഫ്ഗാൻ ഭരണകൂടം ഉന്നയിച്ചിരുന്നു. താലിബാൻ ഭീകരപ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നത് പാകിസ്താനാണെന്നും വ്യക്തമായ തെളിവുകൾ പക്കലുണ്ടെന്നും അഫ്ഗാൻ സർക്കാർ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ സുരക്ഷാസ്ഥിതി വഷളായതിന് പിന്നിൽ പാകിസ്താനാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണവും അഫ്ഗാൻ ജനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
അഫ്ഗാനിസ്താന്റെ 11 പ്രവിശ്യാ തലസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ പിടിച്ചെടുക്കുമെന്നാണ് താലിബാന്റെ ഭീഷണി. ഇതിനോടകം 6 പ്രവിശ്യകൾ ഭീകരർ പിടിച്ചെടുക്കുകയും ചെയ്തു. രാജ്യത്തിന്റെ പകുതിയിലധികം ഭൂപ്രദേശം താലിബാന്റെ അധീനതയിലായി കഴിഞ്ഞുവെന്നാണ് വിവരം. തലസ്ഥാനമായ കാബൂളും മൂന്ന് മാസത്തിനുള്ളിൽ ഭീകരരുടെ പിടിയിലാകുമെന്ന് അമേരിക്കൻ ഇന്റലിജൻസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments